ചോറ് കൊടുക്കുമ്പോൾ കരഞ്ഞത് പ്രകോപനമായി; ഒന്നരവയസ്സുകാരൻ അർഷിദിനെ കൊലപ്പെടുത്തിയെന്ന് അഷ്കറിന്റെ മൊഴി
നെടുമങ്ങാട്∙ പനവൂർ കരിക്കുഴിയിൽ ഒന്നര വയസ്സുകാരൻ അർഷിദിന്റെ മരണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. ചോറ് കൊടുക്കുന്നതിനിടെ കുഞ്ഞ് കരഞ്ഞതാണ് മർദനത്തിന് കാരണമായതെന്നാണ് അമ്മയുടെ സുഹൃത്തായ അഷ്കർ പൊലീസിന് നൽകിയ മൊഴി. സംഭവത്തിൽ അർഷിദിന്റെ അമ്മ അഖിലയെയും അഷ്കറിനെയും നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പോസ്റ്റ്മോർട്ടം പരിശോധനയിൽ കുഞ്ഞിന്റെ ശരീരത്തിൽ ആകെ 51 മുറിവുകൾ കണ്ടെത്തി. മരണകാരണമായ ഗുരുതര മർദനത്തിന്റെ അടയാളങ്ങൾ ഉൾപ്പെടെ നിരവധി പഴയ മുറിവുകളും ശരീരത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ദേഷ്യം വന്നപ്പോൾ കുഞ്ഞിന്റെ തല ഭിത്തിയിൽ ഇടിപ്പിച്ചതായും തുടർന്ന് ബോധം നഷ്ടപ്പെട്ടതായും അഷ്കർ പൊലീസിനോട് സമ്മതിച്ചു. ലൈറ്റർ ഉപയോഗിച്ച് കുഞ്ഞിനെ പൊള്ളിച്ചിരുന്നതായും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.
തെളിവെടുപ്പിനായി സ്ഥലത്തെത്തിച്ച അഷ്കറിനെ നാട്ടുകാർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഇയാൾ ആദ്യ ഭാര്യയെയും ക്രൂരമായി ഉപദ്രവിച്ചിരുന്നുവെന്ന് ഭാര്യയുടെ ബന്ധുക്കൾ ആരോപിച്ചു. അർഷിദിനെയും അഷ്കർ നിരന്തരം ഉപദ്രവിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. ഇതുസംബന്ധിച്ച് കുടുംബത്തിന് മുന്നറിയിപ്പുകളും നൽകിയിരുന്നുവെന്നാണ് വിവരം.
ഒരു മാസം മുൻപാണ് അഖിലയും മകൻ അർഷിദും അഷ്കറിനൊപ്പം താമസം ആരംഭിച്ചത്. രണ്ട് വർഷം മുൻപ്, അഖില മൂന്ന് മാസം ഗർഭിണിയായിരിക്കെ ഭർത്താവ് എസ്. അഖിൽ ആത്മഹത്യ ചെയ്തിരുന്നു. പിന്നീട് അഖില അഷ്കറിനൊപ്പം താമസം തുടങ്ങുകയും തുടർന്ന് കുട്ടിയെയും ഒപ്പം കൂട്ടുകയുമായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് അവശനിലയിലായ അർഷിദിനെ ആദ്യം പനവൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിലും എത്തിച്ചത്. എന്നാൽ ആശുപത്രിയിലെത്തുമ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. ആഹാരം കഴിച്ച ശേഷം ചുമയും ഛർദിയും ഉണ്ടായതിനെ തുടർന്നാണ് കുട്ടി അവശനിലയിലായതെന്നായിരുന്നു അഷ്കർ ആദ്യം പൊലീസിന് നൽകിയ വിശദീകരണം.
സംഭവസമയത്ത് അഖില നൃത്തപരിപാടിക്കായി തമിഴ്നാട്ടിലായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം അർഷിദിന്റെ മൃതദേഹം പിതാവ് അഖിലിന്റെ പച്ച കടുവപ്പാറയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
What's Your Reaction?



