മറൈൻ ഡ്രൈവിൽ ‘കോക്രോച്ച് ജനതാ പാർട്ടി’ മീറ്റപ്പോ? സമൂഹമാധ്യമ പ്രചാരണത്തിൽ അന്വേഷണം തുടങ്ങി പൊലീസ്
കൊച്ചി∙ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പേരിൽ കൊച്ചിയിൽ സൗഹൃദ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ വ്യാപകമാകുന്നു. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മറൈൻ ഡ്രൈവിൽ ഒത്തുചേരുമെന്നാണ് ടെലഗ്രാം അക്കൗണ്ടിലൂടെ പ്രചരിക്കുന്ന സന്ദേശം.
‘സിജെപി കോക്രോച്ച് ജനത പാർട്ടി സൗത്ത് ഇന്ത്യ കൊച്ചി മീറ്റപ്പ്’ എന്ന പേരിലുള്ള പോസ്റ്ററാണ് വിവിധ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നത്. പോസ്റ്ററിലുള്ള ക്യുആർ കോഡ് സ്കാൻ ചെയ്യുമ്പോൾ ഒരു ടെലഗ്രാം ഗ്രൂപ്പിലേക്കാണ് എത്തുന്നത്. സമാധാനപരമായ കൂടിക്കാഴ്ചയാണ് ലക്ഷ്യമെന്നും സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.
അതേസമയം, പ്രചാരണത്തിന് പിന്നിൽ ആരാണെന്നത് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂട്ടായ്മയുടെ യാഥാർഥ്യവും സംഘാടകരെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചുവരികയാണെന്ന് സൂചന.
തൊഴിലില്ലാത്ത യുവാക്കളെ പാറ്റകളോട് ഉപമിച്ചെന്ന പേരിൽ പ്രചരിച്ച ഒരു പരാമർശത്തെ പരിഹസിച്ചുകൊണ്ടാണ് പുണെ സ്വദേശി അഭിജീത് ദീപ്കെ ‘കോക്രോച്ച് ജനതാ പാർട്ടി’ (സിജെപി) എന്ന ആശയം അവതരിപ്പിച്ചത്. നിലവിലെ രാഷ്ട്രീയ സംസ്കാരത്തെയും സാമൂഹിക വിഷയങ്ങളെയും ട്രോളുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമായാണ് ഇത് ശ്രദ്ധ നേടിയത്.
സമൂഹമാധ്യമങ്ങളിൽ വൻ സ്വീകാര്യത നേടിയ സിജെപി, ഏതാനും ദിവസങ്ങൾക്കുള്ളിൽ കോടിക്കണക്കിന് ഫോളോവേഴ്സിനെ സ്വന്തമാക്കി. ഇതോടെ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളേക്കാൾ കൂടുതൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
What's Your Reaction?



