വീട്ടിൽ കയറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന് പരാതി; 24കാരൻ അറസ്റ്റിൽ
തിരുവനന്തപുരം: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. വിഴിഞ്ഞം പുല്ലുവിള സ്വദേശി മനു (24)വിനെയാണ് മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ മറ്റൊരാളുടെ പങ്കും ഉണ്ടെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ബന്ധുവീട്ടിൽ വച്ചാണ് പെൺകുട്ടി മനുവിനെ പരിചയപ്പെട്ടത്. തുടർന്ന് ഇൻസ്റ്റഗ്രാമിലൂടെ ഇരുവരും സൗഹൃദത്തിലായി. മെയ് 18ന് വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്ത് മനുവും മറ്റൊരാളും വീട്ടിലെത്തിയെന്നാണ് പരാതി.
പെൺകുട്ടിക്ക് ജ്യൂസ് നൽകിയ ശേഷം മയക്കിയ നിലയിലാക്കി പീഡിപ്പിച്ചുവെന്നാണ് ആരോപണം. പീഡനവിവരം പെൺകുട്ടി തന്നെ ശിശുക്ഷേമ സമിതിയെ (CWC) അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് മണ്ണന്തല പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം, താൻ ഒറ്റയ്ക്കാണ് വീട്ടിലെത്തിയതെന്നും മറ്റാരും കൂടെയുണ്ടായിരുന്നില്ലെന്നുമാണ് മനു പൊലീസിനോട് പറഞ്ഞത്. കേസിലെ മറ്റൊരു പ്രതിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത പ്രതിയെ കന്റോൺമെന്റ് എസിപിയുടെ നേതൃത്വത്തിലുള്ള സംഘം വിശദമായി ചോദ്യം ചെയ്തുവരികയാണ്. അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരുന്നതായി പൊലീസ് അറിയിച്ചു.
What's Your Reaction?



