ഒന്നരവയസ്സുകാരൻ അർഷിദിന്റെ ശരീരത്തിൽ 51 മുറിവുകൾ; എല്ലൊടിവും പൊള്ളലേറ്റ പാടുകളും, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരൻ അർഷിദിന്റെ മരണത്തിൽ പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങൾ. കുഞ്ഞ് അതിക്രൂരമായ പീഡനത്തിനിരയായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അർഷിദിന്റെ ശരീരത്തിൽ ആകെ 51 മുറിവുകളുണ്ടായിരുന്നുവെന്നും അവയിൽ പലതും പഴയ മുറിവുകളാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കുഞ്ഞിന്റെ എല്ലുകൾക്ക് ഒടിവുണ്ടായിരുന്നതായും ജനനേന്ദ്രിയത്തിൽ പരിക്കേറ്റതായും കണ്ടെത്തിയിട്ടുണ്ട്. കൈകാലുകളിലും മുതുകിലും പൊള്ളലേറ്റതിന്റെ പാടുകളും കണ്ടെത്തി. ആന്തരിക അവയവങ്ങൾക്ക് സംഭവിച്ച ഗുരുതര ക്ഷതവും ക്രൂരമായ ശാരീരിക മർദനവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.
സംഭവത്തിൽ അറസ്റ്റിലായ അമ്മയുടെ പങ്കാളി അഷ്കർ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സംഭവദിവസം കുഞ്ഞിന് ചോറ് കൊടുക്കുന്നതിനിടെ കരഞ്ഞതിനെ തുടർന്ന് ദേഷ്യത്തിൽ തലയിൽ ശക്തമായി അടിച്ചുവെന്നാണ് ഇയാളുടെ മൊഴി. അടിയേറ്റതിനെ തുടർന്ന് കുഞ്ഞ് ബോധരഹിതനായതായും അഷ്കർ പൊലീസിനോട് പറഞ്ഞു.
അതേസമയം, കുഞ്ഞിന്റെ തലയ്ക്ക് പിന്നിൽ ഗുരുതരമായ ക്ഷതമേറ്റതായി പോസ്റ്റ്മോർട്ടം പരിശോധനയിൽ കണ്ടെത്തി. പ്രതിയുടെ മൊഴിയും ശരീരത്തിലെ മുറിവുകളും പരിശോധിക്കുമ്പോൾ ദീർഘനാളായി കുഞ്ഞ് ക്രൂരമർദനത്തിന് ഇരയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.
കുഞ്ഞിന്റെ കൈകളിലുണ്ടായ ഒടിവുകൾ പ്രതിയുടെ ആക്രമണത്തിന്റെ ഫലമാണോയെന്ന കാര്യവും പൊലീസ് അന്വേഷിച്ചുവരികയാണ്. കേസിൽ അമ്മ അഖിലയുടെ പങ്കും വിശദമായി പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. അഖില നൃത്തപരിപാടിക്കായി തമിഴ്നാട്ടിൽ പോയിരുന്ന സമയത്തായിരുന്നു സംഭവം. ചോറ് കഴിക്കുന്നതിനിടെ ഛർദ്ദിച്ചുവെന്ന കാരണമാണ് അഷ്കർ ആശുപത്രിയിൽ പറഞ്ഞത്. എന്നാൽ പ്രാഥമിക ചോദ്യം ചെയ്യലിൽ അഷ്കർ കുഞ്ഞിനെ മർദിച്ചിരുന്നുവെന്ന് അഖില സമ്മതിച്ചിരുന്നതായും പൊലീസ് അറിയിച്ചു.
What's Your Reaction?



