തിരുവനന്തപുരം: അനന്തപുരിയെ ഭക്തി സാന്ദ്രമാക്കി ആറ്റുകാൽ പൊങ്കാല. ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാല 1:15 ഓടെ നിവേദിച്ചു. ഇതിനു പിന്നാലെ നഗരത്തിൽ ഒരുക്കിയ പൊങ്കാലക്കലങ്ങളിലും പുണ്യാഹം തളിച്ചു. ഇതോടെ ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല ചടങ്ങുകൾ സമാപിച്ചു.
ഇനി നീണ്ട ഒരു വർഷത്തെ കാത്തിരിപ്പ്. ആറ്റുകാൽ അമ്മയുടെ അനുഗ്രഹം നേടി ഭക്തജനങ്ങൾ മടങ്ങാൻ ആരംഭിച്ചു. പൊങ്കാല നിവേദ്യത്തിന് ശേഷം ശുചീകരണത്തിനായി കോർപ്പറേഷൻ 3204 പേരെയാണ് നിയോഗിച്ചിരിക്കുന്നത്. രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരെ ചൂരൽ കുത്തും. രാത്രി 11.15ന് ദേവിയെ മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. പത്ത് മണിയോടെ കാപ്പഴിക്കും. അതിനു ശേഷം നാളെ രാത്രി ഒന്നിന് നടക്കുന്ന കുരുതി സമർപ്പണത്തോടെ പൊങ്കാല ഉത്സവം സമാപിക്കും.