സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി; കൂടുതൽ വില നൽകി വൈദ്യുതി വാങ്ങാൻ നീക്കം, സ്ഥിതി സമ്മതിച്ച് മന്ത്രി

Jun 30, 2026 - 22:27
Jun 30, 2026 - 22:28
 0
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി; കൂടുതൽ വില നൽകി വൈദ്യുതി വാങ്ങാൻ നീക്കം, സ്ഥിതി സമ്മതിച്ച് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. രാജ്യത്താകെ വൈദ്യുതി ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിൽ കൂടുതൽ വില നൽകി സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി വാങ്ങാനുള്ള ശ്രമം തുടരുകയാണെന്ന് മന്ത്രി അറിയിച്ചു.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ലഭിച്ചത്ര മഴ ഇത്തവണ ലഭിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാല് മുതൽ അഞ്ച് ദിവസം വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടിവന്നതായും കാലാവസ്ഥാ സാഹചര്യങ്ങൾ വിലയിരുത്തി നിയന്ത്രണം തുടരണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നിയമസഭയിൽ ചട്ടം 300 പ്രകാരം പ്രത്യേക പ്രസ്താവന നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, ജൂലൈ മുതൽ ഡിസംബർ വരെ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബിക്ക് റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. ഇതുസംബന്ധിച്ച ഉത്തരവിൽ കെ.എസ്.ഇ.ബിയുടെ പ്രവർത്തനത്തെയും കമ്മീഷൻ വിമർശിച്ചിട്ടുണ്ട്.

സോളാർ വൈദ്യുതി സംഭരണത്തിനായുള്ള BESS പദ്ധതി വൈകുന്നതും വിവിധ സ്രോതസ്സുകളിൽ നിന്ന് വാങ്ങിയ വൈദ്യുതിയുടെ വിവരങ്ങൾ സമർപ്പിക്കാത്തതും കമ്മീഷൻ ചൂണ്ടിക്കാട്ടി. അപേക്ഷകൾക്കൊപ്പം ആവശ്യമായ വിവരങ്ങൾ നൽകുന്നതിൽ കെ.എസ്.ഇ.ബി വീഴ്ച വരുത്തുന്നതായും പവർ എക്‌സ്‌ചേഞ്ചിൽ നിന്ന് വാങ്ങിയ വൈദ്യുതിയുടെ വിവരങ്ങൾ പോലും സമർപ്പിച്ചിട്ടില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.

ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിൽ ആശങ്ക രേഖപ്പെടുത്തിയ കമ്മീഷൻ, അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങിനെതിരെ ഉയരുന്ന പരാതികൾ പരിഗണിച്ച്, ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തുന്നതിന് കുറഞ്ഞത് ഒരു മണിക്കൂർ മുമ്പെങ്കിലും ഉപഭോക്താക്കളെ അറിയിക്കണമെന്ന് നിർദേശിച്ചു. മൺസൂൺ ശക്തിപ്പെടുന്നതോടെ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ട സാഹചര്യം കുറയ്ക്കാൻ കെ.എസ്.ഇ.ബി നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow