തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസില്‍ പരാതിക്കാരിയായ യുവതിയുടെ മൊഴി വിവരങ്ങള്‍ പുറത്ത്. ഗർഭഛിദ്രം നടത്താൻ രാഹുൽ സുഹൃത്ത് വഴി ഗുളിക എത്തിച്ചെന്നാണ് യുവതി മൊഴി നൽകിയിരിക്കുന്നത്.
രാഹുൽ ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തുകയായിരുന്നു. സുഹൃത്ത് വഴിയാണ് ഗുളിക എത്തിച്ചു നൽകിയത്. ബെംഗളൂരുവില്‍ നിന്ന് രാഹുലിന്റെ സുഹൃത്ത് മരുന്ന് എത്തിച്ചു നല്‍കിയെന്നും മരുന്ന് കഴിച്ചെന്ന് വീഡിയോ കോള്‍ വിളിച്ച് രാഹുല്‍ ഉറപ്പ് വരുത്തിയെന്നും യുവതി പോലീസിനോട് പറഞ്ഞു.
ഗുളിക കഴിച്ച ശേഷം ഗുരുതര ശാരീരിക പ്രശ്‌നങ്ങളുണ്ടായെന്നും യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഒരു സർക്കാർ ആശുപത്രിയിലെ ഗൈനക്കോളജി ഡോക്‌ടറെയാണ് സമീപിച്ചതെന്നും പരാതിക്കാരി പറയുന്നു. ആശുപത്രിയെയും ഡോക്റെയും പോലീസ് നേരത്തെ തിരിച്ചറിഞ്ഞിരുന്നു.
.20 പേജ് വരുന്ന മൊഴിയാണ് യുവതി പോലീസിന് നൽകിയത്. താൻ നേരിട്ട് ദുരനുഭവം കോൺഗ്രസിലെ ചില യുവ നേതാക്കളെ അറിയിച്ചിരുന്നതായും യുവതി മൊഴിയിൽ പറഞ്ഞിട്ടുണ്ട്. ഇന്നലെ രാത്രിയോടെയാണ് റൂറൽ എസ്പിയുടെ നേതൃത്വത്തിൽ പരാതിക്കാരിയായ യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്.
പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം രഹസ്യമൊഴി രേഖപ്പെടുത്തും. രഹസ്യമൊഴിയെടുക്കുന്നതിനായി നെയ്യാറ്റികര കോടതിയിലാണ് അപേക്ഷ നല്‍കുക. രാഹുലിന്‍റെ സുഹൃത്ത് അടൂർ സ്വദേശിയായ വ്യാപാരിക്കായും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണർക്കാണ് മേൽനോട്ട ചുമതല.