ആഡംബര ബൈക്കിനായി 50 ലക്ഷം ആവശ്യപ്പെട്ടു; പണത്തിനായി മാതാപിതാക്കളെ ആക്രമിച്ചു; പിതാവിന്റെ അടിയേറ്റ മകൻ മരിച്ചു
തിരുവനന്തപുരം: കമ്പിപ്പാര കൊണ്ട് പിതാവിന്റെ അടിയേറ്റ വഞ്ചിയൂർ കുന്നുംപുറം തോപ്പിൽ നഗറിൽ പൗർണമിയിൽ താമസിക്കുന്ന ഹൃദ്ദിക്ക് (28) മരിച്ചു. ആഡംബര ബൈക്ക് വാങ്ങാൻ 50 ലക്ഷം രൂപ ആവശ്യപ്പെട്ട് ഹൃദ്ദിക്ക് നടത്തിയ ആക്രമണത്തിൽ സഹികെട്ടാണ് പിതാവ് വിനയാനന്ദ് തിരിച്ച് ആക്രമിച്ചത്. ഇതാണ് മരണകാരണമെന്നാണ് പോലീസ് കേസ്.
ഒക്ടോബർ 9-ന് വഞ്ചിയൂരിലെ വീട്ടിലാണ് സംഭവം നടന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹൃദ്ദിക്ക് മെഡിക്കൽ കോളേജ് ഐ.സി.യുവിൽ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്. പിതാവ് വിനയാനന്ദ് (52) പോലീസിന് മുന്നിൽ കീഴടങ്ങിയിരുന്നു.
ഹൃദ്ദിക്ക് അച്ഛനെയും അമ്മയെയും ആക്രമിക്കുന്നത് പതിവായിരുന്നുവെന്ന് പോലീസ് പറയുന്നു. നിർബന്ധത്തെത്തുടർന്ന് അടുത്തിടെ 12 ലക്ഷം രൂപയുടെ ബൈക്ക് മാതാപിതാക്കൾ വായ്പയെടുത്ത് വാങ്ങി നൽകിയിരുന്നു. ഒക്ടോബർ 21-ന് തന്റെ ജന്മദിനത്തിന് മുൻപ് 50 ലക്ഷം രൂപ മുടക്കി രണ്ട് ബൈക്കുകൾ കൂടി വാങ്ങി നൽകണമെന്ന് ഹൃദ്ദിക്ക് വാശി പിടിച്ചതാണ് ആക്രമണത്തിൽ കലാശിച്ചത്.
ഹൃദ്ദിക്ക് ആദ്യം വിനയാനന്ദിനെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചു എന്നാണ് അമ്മ അനുപമ പോലീസിന് നൽകിയ മൊഴി. പിന്നാലെ തലയ്ക്ക് പിതാവിന്റെ അടിയേറ്റ് ബോധരഹിതനായി വീണ ഹൃദ്ദിക്കിനെ വിനയാനന്ദ് തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്.
What's Your Reaction?

