വാഷിങ്ടണ്‍: അമേരിക്കയിൽ വാഷിംങ്ടണിലെ വൈറ്റ് ഹൗസിന് സമീപത്ത് നടന്ന വെടിവയ്പ്പിൽ പരിക്കേറ്റ നാഷണൽ ഗാർഡ്സ് ഉദ്യോഗസ്ഥരിൽ ഒരാൾ മരിച്ചു. ആർമി സ്പെഷ്യലിസ്റ്റ് റാങ്കിലുള്ള സാറ ബെക്സ്ട്രോമാണ് മരിച്ചത്.
തലയ്ക്ക് വെടിയേറ്റ രണ്ടാമത്തെ സൈനികന്‍റെ നില അതീവ ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ആൻഡ്രൂ വുൾഫ് ജീവിതത്തിലേക്ക് തിരികെ വരാൻ പോരാടുകയാണെന്ന് ട്രംപ് പ്രതികരിച്ചു. യുഎസ് സൈനികരുമായി വീഡിയോ കോൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് താൻ അവരുടെ മരണ വിവരം അറിഞ്ഞതെന്ന് ട്രംപ് പറഞ്ഞു.
അഫ്ഗാൻ സ്വദേശിയായ 29കാരൻ റഹ്മാനുള്ള ലകാൻവാൽ ആണ് ആക്രമണം നടത്തിയതെന്ന് വ്യക്തമായി. ഇയാൾ അഫ്ഗാനിസ്ഥാനിൽ യുഎസ് സൈന്യത്തിന് വേണ്ടി പ്രവർത്തിച്ചയാളാണെന്ന് യുഎസ് ഇന്റലിജൻസ് ഏജൻസി സിഐഎ വ്യക്തമാക്കി.