കറാച്ചി: ആയുധധാരികളായ സംഘം 9 ബസ് യാത്രക്കാരെ തട്ടിക്കൊണ്ടുപോയി വെടിവച്ച് കൊന്നു. പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിലാണ് സംഭവം നടന്നത്. കഴിഞ്ഞദിവസം വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്.
ബലൂചിസ്ഥാൻ പ്രവിശ്യയിൽ ദേശീയ പാതയിൽ സോബ് മേഖലയിൽ പോയ ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആയുധങ്ങളുമായി എത്തിയ അക്രമികൾ യാത്രക്കാരുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ചു. അതിനു ശേഷമാണ് ബസിനുള്ളിൽ നിന്നും 9 യാത്രക്കാരെ മാത്രം ബസിൽ നിന്ന് ഇറക്കി വെടിവച്ച് കൊന്നത്.
അടുത്തുള്ള പർവതപ്രദേശത്തേക്ക് കൊണ്ടുപോയിട്ടാണ് ഇവരെ വെടിവച്ച് കൊന്നത്. ക്വെറ്റയിൽ നിന്ന് ലാഹോറിലേക്ക് പോവുന്നതായിരുന്നു ബസ്. പഞ്ചാബ് പ്രവിശ്യയുടെ വിവിധ മേഖലയിലുള്ളവരാണ് കൊല്ലപ്പെട്ടത്. അതേസമയം, ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.