ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്താന്‍ എഐ; സ്പോർട്സ്‌ ടെക് സ്റ്റാർട്ടപ്പ് എഐ ട്രയല്‍സിൽ 33 ഹോള്‍ഡിങ്സിന്‍റെ നിക്ഷേപം

പുതിയ നിക്ഷേപം യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ വിപണികളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഉപയോഗിക്കും

Jul 11, 2025 - 17:01
Jul 11, 2025 - 17:02
 0  13
ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്താന്‍ എഐ; സ്പോർട്സ്‌ ടെക് സ്റ്റാർട്ടപ്പ് എഐ ട്രയല്‍സിൽ 33 ഹോള്‍ഡിങ്സിന്‍റെ നിക്ഷേപം

കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് ടെക് സ്റ്റാര്‍ട്ടപ്പ് എഐ ട്രയല്‍സില്‍ ആഗോള നിക്ഷേപക സ്ഥാപനമായ 33 ഹോള്‍ഡിങ്സ് നിക്ഷേപം നടത്തി. ഫുട്‌ബോള്‍ കായിക മേഖലയില്‍ വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന മലയാളികളുടെ സ്റ്റാര്‍ട്ടപ്പിന് നേരത്തെ ഖത്തര്‍ ബാങ്കും ഫണ്ടിങ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 33 ഹോള്‍ഡിങ്‌സ് ഉടമ മുഹമ്മദ് മിയാന്‍ദാദ് വി.പി നിക്ഷേപം നടത്തിയത്. എന്നാല്‍, നിക്ഷേപത്തുക ഇരുകൂട്ടരും വ്യക്തമാക്കിയിട്ടില്ല. പുതിയ നിക്ഷേപം യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ വിപണികളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഉപയോഗിക്കും. നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ ഫുട്‌ബോള്‍ രംഗത്തെ യുവപ്രതിഭകളെ കണ്ടെത്താന്‍ സഹായിക്കുന്ന നൂതന പ്ലാറ്റ്‌ഫോമാണ് എഐ ട്രയല്‍സ്. മലയാളികളായ മുഹമ്മദ് ആസിഫ്, സൊഹേബ് പി.കെ എന്നിവരാണ് ഈ ആശയത്തിന് പിന്നില്‍. 

യുവ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ലോകോത്തര നിലവാരമുള്ള മൂല്യനിര്‍ണയവും അവസരങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യം. പ്രതിഭകളെ കണ്ടെത്താനുള്ള പരമ്പരാഗത രീതികളുടെ പരിമിതികള്‍ മറികടന്ന്, ഡാറ്റയെ  അടിസ്ഥാനമാക്കി താരങ്ങളുടെ പ്രകടനം വിലയിരുത്തുന്നതാണ്  പ്രവര്‍ത്തന രീതി. ലോകത്തിന്റെ ഏത് കോണിലുള്ള കളിക്കാര്‍ക്കും അവരുടെ പ്രകടനങ്ങള്‍ വീഡിയോകളായി പ്ലാറ്റ്ഫോമില്‍ അപ്ലോഡ് ചെയ്യാനും, എഐ സഹായത്തോടെ പ്രകടനം സ്വയം വിശകലനം ചെയ്യാനും പ്രൊഫഷണല്‍ ക്ലബ്ബുകളുമായി നേരിട്ട് ബന്ധപ്പെടാനും കഴിയും. മാത്രമല്ല, സ്‌കൗട്ടുകള്‍ക്കും അക്കാദമികള്‍ക്കും  അതിര്‍വരമ്പുകളില്ലാതെ പ്രതിഭകളെ കണ്ടെത്തുന്നതിന് ഡാറ്റാധിഷ്ഠിത ടൂളുകള്‍ പ്രയോജനപ്പെടുവാനും ഈ പ്ലാറ്റ്‌ഫോമിലൂടെ സാധിക്കുമെന്നതാണ് പ്രത്യേകത. അത്യാധുനിക എഐ പെര്‍ഫോമന്‍സ് അനാലിസിസ് ഉപയോഗിച്ചാണ് കളിക്കാരുടെ വേഗത, സ്റ്റാമിന തുടങ്ങിയ കഴിവുകള്‍ ഈ പ്ലാറ്റ്‌ഫോം വിലയിരുത്തുന്നത്. 

'സ്‌കൗട്ടിംഗ് ട്രയലുകളില്‍ നിര്‍മ്മിത ബുദ്ധി സമന്വയിപ്പിച്ച് കാര്യക്ഷമതയും കൃത്യതയും വര്‍ധിപ്പിക്കുന്ന ഒരു പ്ലാറ്റ്‌ഫോം ഒരുക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. 33 ഹോള്‍ഡിങ്സിന്റെ നിക്ഷേപം ഞങ്ങളുടെ കാഴ്ചപ്പാടിന് ലഭിച്ച വലിയ അംഗീകാരമാണ്. ഇത് കേരളത്തിലെ യുവപ്രതിഭകള്‍ക്ക് ആഗോള തലത്തില്‍ അവസരങ്ങള്‍ നല്‍കാന്‍ സഹായിക്കും,' എഐ ട്രയല്‍സ് സഹസ്ഥാപകര്‍ പറഞ്ഞു.

ആഗോള സ്‌പോര്‍ട്‌സ് ടെക് രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ എഐ ട്രയല്‍സിന്റെ ആശയത്തിന് സാധിക്കുമെന്നും ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഇവരുടെ സ്‌കൗട്ടിംഗ് രീതി ഫുട്‌ബോള്‍ ലോകത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും 33 ഹോള്‍ഡിങ്സ് ചെയര്‍മാനും എംഡിയുമായ മുഹമ്മദ് മിയാന്‍ദാദ് വി പി പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് സ്ഥാപകരുടെ കാഴ്ചപ്പാടിലുള്ള വിശ്വാസമാണ് ഈ നിക്ഷേപത്തിന് കമ്പനിയെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 

കോഴിക്കോട് കെഎഫ്ടിസി അക്കാദമിയുമായി സഹകരിച്ച് എഐ ട്രയല്‍സ് ടാലന്റ് സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവതാരങ്ങളാണ് എഐ സഹായത്തോടെയുള്ള സ്രീനിങ്ങില്‍ പങ്കെടുത്തത്. ഈ പങ്കാളിത്തം കേവലം നിക്ഷേപത്തിനപ്പുറം, കായികരംഗത്ത് നൂതന സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിനും ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും കൂടിയുള്ളതാണെന്ന് 33 ഹോള്‍ഡിങ്‌സ് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow