അടിയന്തര ലാൻഡിങ്; തുർക്കിയിലെ വിമാനത്താവളത്തിൽ 200 ഇന്ത്യക്കാർ കുടുങ്ങിയിട്ട് 16 മണിക്കൂർ

അങ്കാറ: ലണ്ടനിൽനിന്നു മുംബൈയിലേക്കു പുറപ്പെട്ട വിർജിൻ അറ്റ്ലാന്റിക് വിമാനം തുർക്കിയിലെ ദിയാർബക്കിർ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയിട്ട് 16 മണിക്കൂർ പിന്നിട്ടു. ഇരുന്നൂറിലധികം ഇന്ത്യൻ യാത്രക്കാരാണ് ഇതേത്തുടർന്ന് തുർക്കിയിൽ കുടുങ്ങിക്കിടക്കുന്നത്.
യാത്രക്കാരിൽ ഒരാൾക്ക് പാനിക് അറ്റാക്കുണ്ടായതിനെ തുടര്‍ന്നാണ് വിഎസ് 358 എന്ന വിമാനം അടിയന്തരമായി ഇറക്കിയത്. ഇത്തരത്തിലൊരു മെഡിക്കൽ എമർജൻസി ആയതുകൊണ്ടാണു വിമാനം കൈകാര്യം ചെയ്യാൻ സജ്ജമല്ലാത്ത വിമാനത്താവളത്തിൽ ലാൻഡിങ് നടത്തേണ്ടി വന്നത്.
ഇതിനു പിന്നാലെ, ലാൻഡിങ്ങിനിടെ വിമാനത്തിനു സാങ്കേതിക തകരാർ സംഭവിച്ചതായി എയർലൈൻകാർ യാത്രക്കാരെ അറിയിക്കുകയായിരുന്നു. തുർക്കിയിൽനിന്ന് എപ്പോൾ യാത്ര ആരംഭിക്കും എന്നതിൽ ഇതുവരെ വ്യക്തത ഉണ്ടായിട്ടില്ലെന്ന് യാത്രക്കാർ പറയുന്നു. അവർക്കു താമസ സൗകര്യവും ലഭിച്ചിട്ടില്ല.
ആശയവിനിമയ സൗകര്യങ്ങളില്ലാതെ പകുതി ശൂന്യമായ ഒരു ടെർമിനലിന്റെ കെട്ടിടത്തിലാണ് കുടുങ്ങിക്കിടക്കുന്നത് എന്നാണ് യാത്രക്കാര്‍ അറിയിച്ചത്. യാത്രക്കാരിൽ കുട്ടികളും സ്ത്രീകളും രോഗികളുമുണ്ട്. വിമാനത്താവളം ഒരു സൈനിക താവളമായതിനാൽ ഇവർക്കു പുറത്തിറങ്ങാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളതെന്നാണ് വിവരം.
What's Your Reaction?






