ചലച്ചിത്ര മേഖല സ്ത്രീ സുരക്ഷിതവും സ്ത്രീ സൗഹൃദവുമാകണം: മന്ത്രി വീണാ ജോര്‍ജ്

പോഷ് നിയമത്തില്‍ അവബോധം ശക്തമാക്കാന്‍ സിനിമാ മേഖലയില്‍ പരിശീലന പരിപാടി 

Apr 3, 2025 - 18:12
Apr 3, 2025 - 18:12
 0  7
ചലച്ചിത്ര മേഖല സ്ത്രീ സുരക്ഷിതവും സ്ത്രീ സൗഹൃദവുമാകണം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ചലച്ചിത്ര മേഖല സ്ത്രീ സുരക്ഷിതവും സ്ത്രീ സൗഹൃദവുമാകണമെന്ന് ആരോഗ്യ, വനിത-ശിശുവികസന മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കാമറയ്ക്ക് മുന്നിലും പുറകിലും കൂടുതല്‍ സ്ത്രീകള്‍ എത്തണം. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഇടയില്‍ പോഷ് നിയമത്തെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനായി വനിതാ ശിശു വികസന വകുപ്പ് ജെന്‍ഡര്‍ പാര്‍ക്കിന്റെ സഹായത്തോടുകൂടി സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു സംസാരിക്കുകയായിരുന്നു മന്ത്രി. 

പോഷ് ആക്ട് 2013ന്റേയും ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റേയും വെളിച്ചത്തില്‍ ഒരു സിനിമ രൂപപ്പെടുമ്പോള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിയെടുക്കുന്ന എല്ലാവര്‍ക്കും സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇത് കണക്കിലെടുത്തു കൊണ്ടാണ് സിനിമാ മേഖലയിലുള്ളവരെ ഉള്‍പ്പെടുത്തി പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ചലച്ചിത്ര മേഖലയില്‍ ഏറ്റവും സുപ്രധാന ഇടപെടലിനാണ് സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. 

പോഷ് ആക്ട് പ്രകാരം സംസ്ഥാനത്തെ 95 സര്‍ക്കാര്‍ വകുപ്പുകളിലെ പത്തില്‍ കൂടുതല്‍ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളിലും ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. കാല്‍ ലക്ഷത്തിലധികം സ്ഥാപനങ്ങളെ രജിസ്ട്രേഷന്‍ ചെയ്യിപ്പിക്കാനുമായി. സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങളേയും രജിസ്റ്റര്‍ ചെയ്യിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന് പുറമേയാണ് ചലച്ചിത്രം മേഖലയില്‍ കൂടി ഇത് നടപ്പിലാക്കുന്നന്നത്. 

ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ് സ്വാഗതവും ഡയറക്ടര്‍ ഹരിത വി കുമാര്‍ നന്ദിയും പറഞ്ഞു. വനിത ശിശുവികസന വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ഡോ. അദീല അബ്ദുള്ള വിഷയാവതരണം നടത്തി.

സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ലേബര്‍ കമ്മിഷണര്‍ സഫ്‌ന നാസറുദീന്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍, റിസോഴ്‌സ് പേഴ്‌സണ്‍ അഡ്വ. പാര്‍വതി മേനോന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സിനിമാ രംഗത്തെ 60ഓളം പേര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow