തിരുവനന്തപുരം: 2026ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ തലമുറ മാറ്റമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 50 ശതമാനം സീറ്റുകൾ യുവാക്കൾക്കും വനിതകൾക്കും നൽകുമെന്ന് വി ഡി സതീശൻ പറഞ്ഞു.
ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് വി ഡി സതീശൻ ഇക്കാര്യം വ്യക്തമാക്കിയത്. ഫെബ്രുവരിയോടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാനാണ് ആലോചന. എഐസിസിയുടെയും രാഹുൽ ഗാന്ധിയുടെയും തീരുമാനമാണ് നടപ്പിലാക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സാധാരണയായി പരിചിത മുഖങ്ങളെയാണ് മത്സരിപ്പിക്കുന്നത്. ഇത്തവണ സ്ഥാനാർത്ഥികളിൽ തലമുറമാറ്റം ഉണ്ടാകുമെന്ന് സതീശൻ അഭിമുഖത്തിൽ പറയുന്നു. അടുത്തമാസം ചേരുന്ന കെപിസിസി നേതൃയോഗത്തിന് പിന്നാലെ സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടക്കാനാണ് തീരുമാനം.
ഓരോ മണ്ഡലവും പ്രത്യേകം പഠിക്കും. മണ്ഡലങ്ങളെ മൂന്ന് ഘട്ടങ്ങളായി തിരിച്ച് വിജയ സാധ്യതയും മെറിറ്റും പരിഗണിച്ച് സ്ഥാനാർത്ഥിയെ നിർണയിക്കും. പഴയ തലമുറയെ മാറ്റിനിർത്തും എന്നതല്ല ഈ തീരുമാനത്തോടെ അർത്ഥമാക്കുന്നത് എന്നും സതീശൻ കൂട്ടിച്ചേർത്തു. മുതിർന്ന നേതാക്കളിൽ മത്സരിക്കാൻ പറ്റുന്നവർ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.