'ഉത്തരേന്ത്യയിലെ ചെറിയ സംഭവങ്ങൾ പെരുപ്പിച്ച് കാട്ടുന്നു, കേരളത്തിൽ ഒരു നടപടിയുമില്ല'
ഉത്തരേന്ത്യയിൽ നടക്കുന്ന ചെറിയ സംഭവങ്ങളെപ്പോലും മാധ്യമങ്ങൾ പെരുപ്പിച്ചു കാട്ടുമ്പോൾ, കേരളത്തിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു
കേരളത്തിലെ മാധ്യമങ്ങൾക്കെതിരെയും സംസ്ഥാന സർക്കാരിനെതിരെയും രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ രംഗത്തെത്തി. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം തന്റെ നിലപാടുകൾ വ്യക്തമാക്കിയത്. ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളിലും എം.എൽ.എ ഓഫീസുമായി ബന്ധപ്പെട്ട വിവാദത്തിലും കേരളത്തിലെ മാധ്യമങ്ങൾ പക്ഷപാതപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഉത്തരേന്ത്യയിൽ നടക്കുന്ന ചെറിയ സംഭവങ്ങളെപ്പോലും മാധ്യമങ്ങൾ പെരുപ്പിച്ചു കാട്ടുമ്പോൾ, കേരളത്തിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരേന്ത്യയിൽ ഇത്തരം സംഭവങ്ങളിൽ നടപടിയുണ്ടാകുന്നുണ്ട്, എന്നാൽ കേരളത്തിൽ ആക്രമിക്കപ്പെട്ടവർക്കെതിരെയാണ് കേസെടുക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തിരുവനന്തപുരം വട്ടിയൂർക്കാവ് എം.എൽ.എ വി.കെ. പ്രശാന്തിന്റെ ഓഫീസുമായി ബന്ധപ്പെട്ട തർക്കത്തിൽ മാധ്യമങ്ങൾ സ്ത്രീവിരുദ്ധമായ നിലപാടാണ് സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആർ. ശ്രീലേഖയുടെ ആവശ്യത്തെ പിന്തുണച്ച അദ്ദേഹം, വനിതാ കൗൺസിലർക്ക് എം.എൽ.എയുടെ മുറിയിലൂടെ പോകേണ്ടി വരുന്നത് ശരിയല്ലെന്നും സ്ത്രീകളെ ബഹുമാനിക്കാൻ പഠിക്കണമെന്നും ഓർമ്മിപ്പിച്ചു.
മുനമ്പത്തെ ജനങ്ങളെ മാധ്യമങ്ങൾ ഒറ്റപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കിടയിൽ ജോർജ് കുര്യൻ ക്ഷുഭിതനായി സംസാരിച്ചു. മാധ്യമങ്ങൾക്ക് ഇഷ്ടമുള്ള മറുപടി പറയാൻ തന്നെ കിട്ടില്ലെന്നും എതിർക്കേണ്ട സമയത്ത് മാധ്യമങ്ങളെ എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
What's Your Reaction?

