പക്ഷിപ്പനി ഭീതി: നാമക്കൽ പൗൾട്രി ഫാമുകൾ അതീവ ജാഗ്രതയിൽ
ഇന്ത്യയിലെ മുട്ട ഉൽപ്പാദനത്തിൽ നിർണ്ണായക സ്ഥാനമുള്ള നാമക്കല്ലിലെ 1500-ഓളം ഫാമുകളിലാണ് മുൻകരുതൽ നടപടികൾ ശക്തമാക്കിയിരിക്കുന്നത്
കേരളത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ, അയൽസംസ്ഥാനമായ തമിഴ്‌നാട്ടിലെ പ്രധാന മുട്ട ഉൽപ്പാദന കേന്ദ്രമായ നാമക്കല്ലിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. പൗൾട്രി വ്യവസായത്തെ ബാധിക്കാതിരിക്കാൻ കർശനമായ പ്രതിരോധ നടപടികളാണ് സ്വീകരിക്കുന്നത്. ഇന്ത്യയിലെ മുട്ട ഉൽപ്പാദനത്തിൽ നിർണ്ണായക സ്ഥാനമുള്ള നാമക്കല്ലിലെ 1500-ഓളം ഫാമുകളിലാണ് മുൻകരുതൽ നടപടികൾ ശക്തമാക്കിയിരിക്കുന്നത്.
കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്കും കോഴികളെ കയറ്റി വരുന്ന ലോറികൾക്കും അന്തർസംസ്ഥാന അതിർത്തികളിൽ തമിഴ്‌നാട് സർക്കാർ കർശന നിയന്ത്രണവും പരിശോധനയും ഏർപ്പെടുത്തിയിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിനായി ഫാമുകളിൽ ഫോർമാലിൻ ഉൾപ്പെടെയുള്ള ലായനികൾ ഉപയോഗിച്ച് പതിവായി അണുനശീകരണം നടത്തുന്നുണ്ടെന്ന് ഫാം ഉടമകൾ അറിയിച്ചു.
ഫാമുകളിലേക്ക് പുറത്തുനിന്നുള്ളവരുടെ പ്രവേശനം നിയന്ത്രിക്കുകയും ശുചിത്വ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുകയും ചെയ്യുന്നു. പ്രതിദിനം ദശലക്ഷക്കണക്കിന് മുട്ടകൾ ഉൽപ്പാദിപ്പിക്കപ്പെടുന്ന നാമക്കല്ലിൽ നിന്നാണ് കേരളത്തിലേക്കും വിവിധ വിദേശ രാജ്യങ്ങളിലേക്കും പ്രധാനമായും കയറ്റുമതി നടക്കുന്നത്. അതിനാൽ തന്നെ പക്ഷിപ്പനി നാമക്കല്ലിലെ ഫാമുകളെ ബാധിക്കുന്നത് വൻ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകും. നിലവിൽ നാമക്കല്ലിൽ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, മുൻകരുതൽ എന്ന നിലയിലാണ് സർക്കാർ ഈ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.
What's Your Reaction?