പിതാവിന്‍റെ ഫിക്സഡ് ഡെപ്പോസിറ്റ് തുക നൽകിയില്ല, അവകാശിക്ക് ഡെപ്പോസിറ്റ് തുകയും നഷ്ടപരിഹാരവും നൽകണം

പരാതിക്കാരന്റെ പിതാവിന്റെ ഫിക്സഡ് ഡെപ്പോസിറ്റ് തുകയായ 39,000/- രൂപയും RBI/SBI സർക്കുലറുകൾ പ്രകാരം ബാധകമായ പലിശ സഹിതം പരാതിക്കാരന് നൽകണം

Oct 3, 2025 - 20:30
Oct 3, 2025 - 20:30
 0
പിതാവിന്‍റെ ഫിക്സഡ് ഡെപ്പോസിറ്റ് തുക നൽകിയില്ല, അവകാശിക്ക് ഡെപ്പോസിറ്റ് തുകയും നഷ്ടപരിഹാരവും നൽകണം

കൊച്ചി: കാലാവധി കഴിഞ്ഞ ഫിക്സഡ് ഡെപ്പോസിറ്റ് തുക അവകാശിക്ക് നൽകുന്നതിൽ വീഴ്ച വരുത്തിയ ബാങ്ക്, ഡെപ്പോസിറ്റ് തുകയും നഷ്ടപരിഹാവും നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. പരാതിക്കാരനായ എറണാകുളം വൈറ്റില സ്വദേശി പി.പി. ജോർജ്, തന്റെ പിതാവായ (late) പി.വി. പീറ്റർ 1989-ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ വൈറ്റില ശാഖയിൽ 39,000/- രൂപയുടെ ഫിക്സഡ് ഡെപ്പോസിറ്റ് നിക്ഷേപം നടത്തിയിരുന്നു. പിതാവ് 2022 ജൂൺ മാസം മരണപ്പെട്ടു. 

അതിനുശേഷം അവകാശിയായ പരാതിക്കാരൻ ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കുന്നതിന് ബാങ്കിനെ സമീപിച്ചു. എന്നാൽ, എസ്.ബി.റ്റി ബാങ്ക് എസ്.ബി.ഐയിൽ ലയിപ്പിച്ചപ്പോൾ രേഖകൾ കാണാനില്ലെന്ന കാരണം പറഞ്ഞ് എസ്.ബി.ഐ തുക നിരസിച്ചു. ഈ സാഹചര്യത്തിലാണ് മകൻ പരിഹാരം തേടി കമ്മിഷനെ സമീപിച്ചത്.

പരാതിക്കാരൻ സമർപ്പിച്ച അസൽ ഫിക്സഡ് ഡെപ്പോസിറ്റ് റെസിപ്റ്റ്, ആധാർ കാർഡ്, ജനന രജിസ്റ്റർ രേഖ, പിതാവിന്റെ മരണ സർട്ടിഫിക്കറ്റ്, ബാങ്കുമായി നടത്തിയ കത്തിടപാടുകൾ എന്നിവ പരാതിക്കാരൻ ഹാജരാക്കി. 10 വർഷത്തിലധികം അവകാശപ്പെടാത്ത നിക്ഷേപങ്ങൾ ബാങ്ക് ആര്‍.ബി.ഐയിലേക്ക് കൈമാറിയാലും നിക്ഷേപകരുടെ അവകാശം നഷ്ടമാകില്ലെന്നും ബാങ്കുകൾ തന്നെ നിക്ഷേപകർക്ക് തുക നൽകിയ ശേഷം ആര്‍.ബി.ഐയിൽ നിന്ന് റീഫണ്ട് ലഭ്യമാക്കുക എന്ന ബാധ്യതയാണ് ബാങ്കിനുള്ളതെന്ന് ആർ.ബി.ഐയുടെയും എസ്.ബി.ഐയുടെയും വിവിധ സർക്കുലറുകൾ പരാമർശിച്ചുകൊണ്ട് കമ്മീഷൻ വ്യക്തമാക്കി. 

ഒരു ഫിക്സഡ് ഡെപ്പോസിറ്റ് രേഖ വെറും അക്കൗണ്ടിംഗ് രേഖ മാത്രമല്ല, അത് ഒരു കുടുംബത്തിന്റെ ജീവിതസമ്പാദ്യവും വിശ്വാസവുമാണ്. ബാങ്കിന്റെ ആഭ്യന്തര വ്യവസ്ഥകൾ കൊണ്ട് ഉപഭോക്താവിന്റെ അവകാശങ്ങൾ നഷ്ടപ്പെടുന്നത് അനുവദിക്കാനാവില്ലെന്ന് ഡി.ബി ബിനു അധ്യക്ഷനും, വി രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു. അവകാശികൾ ഇല്ലാതെ രാജ്യത്തെ വിവിധ ബാങ്ക്കളിലായി 67,000/- കോടിയോളം രൂപ നിലവിലു ണ്ടെന്നും ഉത്തരവിൽ പരാമർശിച്ചു. 

പരാതിക്കാരന്റെ പിതാവിന്റെ ഫിക്സഡ് ഡെപ്പോസിറ്റ് തുകയായ 39,000/- രൂപയും RBI/SBI സർക്കുലറുകൾ പ്രകാരം ബാധകമായ പലിശ സഹിതം പരാതിക്കാരന് നൽകണം. കൂടാതെ ബാങ്കിന്റെ നടപടി മൂലം മന:ക്ലേശം, ധന നഷ്ടം എന്നിവ കണക്കാക്കി നഷ്ടപരിഹാരമായി 50,000/- രൂപയും കോടതി ചെലവായി 5000/- രൂപയും 45 ദിവസത്തിനകം പരാതിക്കാരന് നൽകണമെന്ന് എതിർകക്ഷികൾക്ക് ഉത്തരവ് നൽകി.

What's Your Reaction?

like

dislike

love

funny

angry

sad

wow