കൊച്ചി: എഡിജിപി എം ആര്‍ അജിത് കുമാറിന്റെ വിവാദ ശബരിമല ട്രാക്ടര്‍ യാത്രയില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ആരോഗ്യ പ്രശ്നം ഉണ്ടെങ്കിൽ ആംബുലൻസ് ഉപയോഗിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. മാത്രമല്ല എഡിജിപിയുടെ ശബരിമല ട്രാക്ടര്‍ യാത്ര മനഃപൂർവ്വമാണെന്ന് കോടതി പറഞ്ഞു.
സംഭവം ദൗർഭാഗ്യകരമായിപ്പോയെന്നും ശബരിമല സ്‌പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടിൽ നിന്നും അജിത് കുമാറിന്റെ പ്രവർത്തി മനപ്പൂർവ്വമാണെന്ന് വ്യക്തമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സ്വാമി അയ്യപ്പൻ റോഡിലൂടെയുള്ള ട്രാക്ടർ യാത്ര നേരത്തെ ഹൈക്കോടതി നിരോധിച്ചതാണ്.
ചരക്കു നീക്കത്തിന് മാത്രമേ ട്രാക്ടർ ഉപയോഗിക്കാവൂവെന്ന കോടതിയുടെ കർശന നിർദ്ദേശം മറികടന്നായിരുന്നു എ ഡി ജി പിയുടെ നടപടി. അതേസമയം എംആർ അജിത് കുമാറിന്റെ ട്രാക്ടർ യാത്ര വിവാദത്തിൽ ശബരിമല സ്പെഷ്യൽ കമ്മീഷ്ണർ ഇന്നലെ റിപ്പോർട്ട് നൽകിയിരുന്നു. ഹൈക്കോടതി ഉത്തരവ് അജിത് കുമാർ ലംഘിച്ചുവെന്നായിരുന്നു റിപ്പോർട്ട്.