കൊല്ലം: കൊല്ലം പൂരത്തിൽ ആര്‍എസ്എസ് നേതാവിന്‍റെ ചിത്രം. നവോത്ഥാന നായകരുടെ ചിത്രത്തിനൊപ്പം ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്‍റെ ചിത്രമാണ് കുടമാറ്റത്തിൽ ഉയര്‍ത്തിയത്. ശ്രീനാരായണ ഗുരു, ബിആര്‍ അംബേദ്ക്കര്‍, സുഭാഷ് ചന്ദ്ര ബോസ്, സ്വാമി വിവേകാനന്ദൻ തുടങ്ങിയവരുടെ ചിത്രങ്ങൾക്കൊപ്പമാണ് ഹെഗ്ഡെവാറിന്‍റെ ചിത്രവും ഉയര്‍ത്തിയത്.
സംഭവത്തില്‍ അന്വേഷണത്തിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നിര്‍ദേശം നല്‍കി.തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടക്കാറുള്ള കൊല്ലം പൂരത്തിലെ കുടമാറ്റമാണ് വിവാദമായത്. ക്ഷേത്രത്തിലെ ആചാരചടങ്ങുകൾക്കിടെ രാഷ്ട്രീയ ചിഹ്നങ്ങൾ ഉപയോഗിക്കരുതെന്ന ഹൈക്കോടതി നിർദ്ദേശങ്ങളുടെ ലംഘനമാണ് ഉണ്ടായിരിക്കുന്നതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.
ക്ഷേത്രോത്സവങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികളോ നേതാക്കളുടെ ചിത്രങ്ങളോ ഉപയോഗിക്കരുതെന്ന് ഹൈക്കോടതിയുടെ നിര്‍ദേശമുണ്ട്. ഇത് മറികടന്നാണ് പൂരം നടന്നിരിക്കുന്നത്. സംഭവത്തിൽ സംഭവത്തിൽ കേസെടുക്കണമെന്ന് ആവശ‍്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് വിഷ്ണു സുനിൽ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി.