ഇന്ന് ലോക പുഞ്ചിരി ദിനം, 'നമുക്കും പുഞ്ചിരിക്കാം ലോകത്തിന് മാറ്റങ്ങൾ വരുത്താം'
'ഒരു ദയാപ്രവൃത്തി ചെയ്യൂ. ഒരാളെ പുഞ്ചിരിക്കാൻ സഹായിക്കൂ' എന്നതാണ് ഈ വർഷത്തെ പുഞ്ചിരി ദിനത്തിൻ്റെ പ്രമേയം.

ഇന്ന് ലോക പുഞ്ചിരി ദിനം. എല്ലാ വർഷവും ഒക്ടോബറിലെ ആദ്യത്തെ വെള്ളിയാഴ്ചയാണ് ലോക പുഞ്ചിരി ദിനമായി ആചരിക്കുന്നത്. 'ഒരു ദയാപ്രവൃത്തി ചെയ്യൂ. ഒരാളെ പുഞ്ചിരിക്കാൻ സഹായിക്കൂ' എന്നതാണ് ഈ വർഷത്തെ പുഞ്ചിരി ദിനത്തിൻ്റെ പ്രമേയം.
പുഞ്ചിരിക്കുന്നതിലൂടെ നിങ്ങൾക്കും നിങ്ങളുടെ ചുറ്റുമുള്ള ലോകത്തിനും മാറ്റങ്ങൾ വരുത്താൻ സാധിക്കും. മാത്രമല്ല, ഇത് നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്യുന്നു. പുഞ്ചിരിക്കുമ്പോൾ ശരീരത്തിൽ ഡോപ്പമിൻ, എൻഡോർഫിൻസ്, സെറോടോണിൻ തുടങ്ങിയ സന്തോഷ ഹോർമോണുകളുടെ ഉത്പാദനം കൂടുന്നു. അതേസമയം, സ്ട്രെസ് ഹോർമോണിന്റെ അളവ് കുറയുന്നു.
സന്തോഷ ഹോർമോണുകൾ ശരീരത്തിലെ രക്തസമ്മർദ്ദം, ഹൃദയമിടിപ്പ്, സമ്മർദ്ദം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. ഇത് സ്വാഭാവിക വേദനസംഹാരികളായും പ്രവർത്തിക്കുന്നു. ചിരി ശാരീരിക പിരിമുറുക്കവും സമ്മർദ്ദവും ഒഴിവാക്കുന്നു. ഗവേഷകർ കണ്ടെത്തിയതനുസരിച്ച്, ചിരി ശരീരത്തിലെ പേശികളെ 45 മിനിറ്റ് വരെ വിശ്രമിക്കാൻ സഹായിക്കും.
പുഞ്ചിരിക്കുമ്പോൾ സെറോടോണിൻ്റെ അളവ് വർദ്ധിക്കുകയും അതുവഴി മാനസികാവസ്ഥ മെച്ചപ്പെടുകയും ചെയ്യുന്നു. എത്രയധികം പുഞ്ചിരിക്കുന്നുവോ അത്രയും സന്തോഷവും കൂടുതൽ ആശ്വാസവും ലഭിക്കും. ഒരു ദിവസം 40-50 തവണ പുഞ്ചിരിക്കുന്ന മുതിർന്നവരുമായി താരതമ്യം ചെയ്യുമ്പോൾ, കുട്ടികൾ പ്രതിദിനം ശരാശരി 400 തവണ പുഞ്ചിരിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു.
What's Your Reaction?






