ലോക ന്യുമോണിയ ദിനം: കുട്ടികളെ കാക്കാം, ഈ ശൈത്യകാല രോഗത്തെ അകറ്റി നിർത്താൻ ശ്രദ്ധിക്കാം
തണുത്ത കാലാവസ്ഥയിൽ രോഗപ്രതിരോധശേഷി കുറയാൻ സാധ്യതയുള്ളതാണ് ഇതിന് പ്രധാന കാരണം
എല്ലാ വർഷവും നവംബർ 12 ലോക ന്യുമോണിയ ദിനമായി ആചരിക്കുന്നു. കൊച്ചുകുട്ടികളെയും പ്രായമായവരെയും ഒരുപോലെ ബാധിക്കുന്ന, ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന ഒരു അണുബാധയാണ് ന്യുമോണിയ. പ്രത്യേകിച്ചും തണുപ്പുകാലത്ത് കുട്ടികൾക്ക് ന്യുമോണിയ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. തണുത്ത കാലാവസ്ഥയിൽ രോഗപ്രതിരോധശേഷി കുറയാൻ സാധ്യതയുള്ളതാണ് ഇതിന് പ്രധാന കാരണം.
ന്യുമോണിയയുടെ പ്രധാന ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ഉടൻ ചികിത്സ തേടുന്നത് രോഗം ഗുരുതരമാകാതിരിക്കാൻ സഹായിക്കും: കഠിനമായ പനി, ചുമ, കഫക്കെട്ട്, നെഞ്ചിൽ പഴുപ്പ്, ശ്വാസം മുട്ടൽ, നെഞ്ചുവേദന, തലവേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി
ന്യുമോണിയ സാധ്യത കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: കുട്ടികളിൽ ന്യുമോണിയ വരാനുള്ള സാധ്യത കുറയ്ക്കുന്നതിന് ജീവിതശൈലിയിലും പരിസരങ്ങളിലും പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്:
1. വ്യക്തിശുചിത്വം ഉറപ്പാക്കുക: സോപ്പും വെള്ളവും ഉപയോഗിച്ച് എപ്പോഴും കൈ കഴുകേണ്ടതിൻ്റെ പ്രാധാന്യം കുട്ടികളെ പഠിപ്പിക്കുക. പുറത്തുപോയി വന്നാലും ഭക്ഷണത്തിന് മുമ്പും ടോയ്‌ലറ്റ് ഉപയോഗിച്ചതിന് ശേഷവും കൈകൾ നല്ലതുപോലെ കഴുകാൻ കുട്ടികളെ ശീലിപ്പിക്കുക.
2. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുക:
സമീകൃതാഹാരം: രോഗപ്രതിരോധശേഷി കൂട്ടാൻ സമീകൃതാഹാരം വളരെ പ്രധാനമാണ്. പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കുട്ടികൾക്ക് നൽകുക.
ആരോഗ്യകരമായ ശീലം: വ്യായാമം, മതിയായ ഉറക്കം എന്നിവയിലൂടെ ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക.
3. അണുബാധയിൽ നിന്ന് അകറ്റി നിർത്തുക:
രോഗബാധിതരുമായുള്ള അകലം: പനി, ജലദോഷം, ചുമ, ശ്വാസകോശ സംബന്ധമായ അണുബാധകൾ തുടങ്ങിയവ ഉള്ളവരിൽ നിന്ന് കുട്ടികളെ അകറ്റി നിർത്താൻ ശ്രമിക്കുക.
ചുമയ്ക്കുന്ന രീതി: ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ടിഷ്യൂ അല്ലെങ്കിൽ കൈകൾ കൊണ്ട് വായും മൂക്കും മറയ്ക്കാൻ കുട്ടികളെ പഠിപ്പിക്കുക. (ഉപയോഗിച്ച ടിഷ്യൂ ഉടൻ തന്നെ സുരക്ഷിതമായി കളയണം).
4. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക:
ശുചീകരണം: വീട് വൃത്തിയായി സൂക്ഷിക്കുന്നത് അണുബാധകൾ കുറയ്ക്കാൻ സഹായിക്കും.
അലർജികൾ: പൊടിയും അലർജിയും അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ തറ, ഫർണിച്ചറുകൾ, മറ്റ് പ്രതലങ്ങൾ എന്നിവ പതിവായി വൃത്തിയാക്കുക. ഈ മുൻകരുതലുകൾ എടുക്കുന്നതിലൂടെ കുട്ടികളിൽ ന്യുമോണിയ വരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കാൻ സാധിക്കും.
What's Your Reaction?