ചെങ്കോട്ട സ്ഫോടനം ഭീകരാക്രമണം: കേന്ദ്രം സ്ഥിരീകരിച്ചു; കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് മന്ത്രിസഭായോഗം

ഭീകരാക്രമണത്തെ അപലപിച്ചുകൊണ്ടുള്ള പ്രമേയം മന്ത്രിസഭ പാസാക്കി.

Nov 12, 2025 - 22:10
Nov 12, 2025 - 22:10
 1
ചെങ്കോട്ട സ്ഫോടനം ഭീകരാക്രമണം: കേന്ദ്രം സ്ഥിരീകരിച്ചു; കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് മന്ത്രിസഭായോഗം

ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് മുന്നിൽ നടന്ന സ്ഫോടനം ഭീകരാക്രമണം ആണെന്ന് കേന്ദ്രസർക്കാർ സ്ഥിരീകരിച്ചു. സംഭവത്തെ മന്ത്രിസഭായോഗം ശക്തമായി അപലപിച്ചു. ദേശവിരുദ്ധ ശക്തികൾ നടത്തിയ ഹീനമായ പ്രവൃത്തിയാണിതെന്ന് യോഗം വിലയിരുത്തി.

ഭീകരാക്രമണത്തെ അപലപിച്ചുകൊണ്ടുള്ള പ്രമേയം മന്ത്രിസഭ പാസാക്കി. "ശക്തമായ അന്വേഷണം നടത്തി കുറ്റവാളികളെയും ഇതിനു പിന്നിൽ പ്രവർത്തിച്ചവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരും," എന്ന് മന്ത്രിസഭായോഗത്തിനുശേഷം കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് മാധ്യമങ്ങളോട് പറഞ്ഞു.

ലോകമെമ്പാടുമുള്ള നിരവധി സർക്കാരുകളിൽ നിന്ന് ലഭിച്ച ഐക്യദാർഢ്യത്തെയും പിന്തുണയെയും മന്ത്രിസഭ അഭിനന്ദിച്ചു. രക്ഷാകാര്യ മന്ത്രിസഭാ സമിതിയുടെ (CCS) യോഗവും ഇന്ന് ചേർന്നു. തിങ്കളാഴ്ച വൈകിട്ട് 6:52-നാണ് രാജ്യത്തെ നടുക്കിയ സ്ഫോടനം നടന്നത്.

രാജ്യതലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്നി ചൗക്ക് മാർക്കറ്റിനും ജുമാ മസ്ജിദിനും സമീപത്തായിരുന്നു സ്ഫോടനം. ലാൽ ക്വില (റെഡ് ഫോർട്ട്) മെട്രോ സ്റ്റേഷൻ്റെ ഒന്നും നാലും ഗേറ്റുകൾക്കിടയിലെ റോഡിൽ വെച്ച് ഹരിയാന രജിസ്ട്രേഷനുള്ള കാർ പൊട്ടിത്തെറിക്കുകയായിരുന്നു.

വേഗം കുറച്ച് ചെങ്കോട്ടയ്ക്ക് മുന്നിലൂടെ നീങ്ങുകയായിരുന്ന കാർ ട്രാഫിക് സിഗ്നലിൽ നിർത്തിയതിനു പിന്നാലെയായിരുന്നു സ്ഫോടനമെന്ന് ഡൽഹി പോലീസ് വ്യക്തമാക്കിയിരുന്നു. സ്ഫോടനം എങ്ങനെയുണ്ടായെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സ്ഫോടനത്തിൽ 12 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം ഫരീദാബാദിൽനിന്നടക്കം അറസ്റ്റിലായ ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഡോ. ഉമറിൻ്റെ പേരിലാണ് പൊട്ടിത്തെറിച്ച കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്ഫോടനം നടന്ന കാർ ഓടിച്ചിരുന്നത് ഇയാളാണെന്നാണ് അന്വേഷണ ഏജൻസികൾ സംശയിക്കുന്നത്. ഇത് പരിശോധിക്കാൻ ഡോ. ഉമറിൻ്റെ അമ്മയുടെ ഡിഎൻഎ സാംപിൾ ശേഖരിച്ചിട്ടുണ്ട്. സ്ഫോടനത്തിൽ പരിക്കേറ്റവരെ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക് നായക് ജയ് പ്രകാശ് ആശുപത്രിയിൽ (LNJP Hospital) സന്ദർശിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow