തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ മാറ്റി
ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ തീപിടുത്തം. അത്യാഹിത വിഭാഗത്തിലെ പോർട്ടബിൾ വെന്റിലേറ്റർ മെഷീൻ കത്തിയതിനെത്തുടർന്ന് പുക പടരുകയായിരുന്നു. ഉടൻ തന്നെ രോഗികളെയും ജീവനക്കാരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതിനാൽ വൻ അപകടം ഒഴിവായി.
ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വെന്റിലേറ്ററിൽ ഓക്സിജൻ ലീക്ക് ഉണ്ടായതിനെത്തുടർന്ന് പുക ഉയർന്നതോടെ ഐസിയു ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ പരിഭ്രാന്തി പടർന്നു. നിലവിൽ തീ പൂർണ്ണമായും നിയന്ത്രണവിധേയമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
പുക ശ്വസിക്കുന്നത് രോഗികൾക്ക് ബുദ്ധിമുട്ടായതോടെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ മുഴുവൻ രോഗികളെയും മെഡിക്കൽ ഐസിയുവിലേക്ക് മാറ്റി. നിലവിൽ ആർക്കും പരിക്കുകളോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
സംഭവത്തിന് പിന്നാലെ മേയർ വി.വി. രാജേഷ് മെഡിക്കൽ കോളേജിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വെന്റിലേറ്ററിനുള്ളിൽ തീ കണ്ടാലുടൻ ഓക്സിജൻ വിതരണം നിർത്തിവെച്ചത് വലിയൊരു ദുരന്തം ഒഴിവാക്കാൻ സഹായിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി പുക നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു. തീ മറ്റ് വാർഡുകളിലേക്ക് പടർന്നിട്ടില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.
What's Your Reaction?