സി.പി.എമ്മിൽ നിന്ന് ടി.കെ. ഗോവിന്ദനെ പുറത്താക്കി

തളിപ്പറമ്പിൽ പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിനെ ചൊല്ലിയുള്ള തർക്കമാണ് പരസ്യമായ പോരിലേക്ക് നീങ്ങിയത്

Mar 17, 2026 - 13:57
Mar 17, 2026 - 13:57
 0
സി.പി.എമ്മിൽ നിന്ന് ടി.കെ. ഗോവിന്ദനെ പുറത്താക്കി

കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ച മുതിർന്ന നേതാവ് ടി.കെ. ഗോവിന്ദനെ സി.പി.എമ്മിൽ നിന്ന് പുറത്താക്കി. പാർട്ടി ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. പാർലമെന്ററി വ്യാമോഹത്തിന് വഴങ്ങി ഗോവിന്ദൻ യുഡിഎഫിന്റെ ചട്ടുകമായി മാറിയെന്ന് പാർട്ടി നേതൃത്വം ആരോപിച്ചു.

ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.കെ. ഗോവിന്ദൻ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നും രാഷ്ട്രീയ വഞ്ചനയാണ് കാണിച്ചതെന്നും എം.വി. ജയരാജനും കുറ്റപ്പെടുത്തി. തളിപ്പറമ്പിൽ പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിനെ ചൊല്ലിയുള്ള തർക്കമാണ് പരസ്യമായ പോരിലേക്ക് നീങ്ങിയത്.

പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയത് പാർട്ടി നിശ്ചയിച്ച മാനദണ്ഡങ്ങൾ പാലിച്ചാണെന്ന് കെ.കെ. രാഗേഷ് പറഞ്ഞു. അവർ പാർട്ടി സെക്രട്ടറിയുടെ ഭാര്യയായതുകൊണ്ടല്ല, മറിച്ച് പ്രവർത്തനമികവ് പരിഗണിച്ചാണ് അവസരം നൽകിയത്.

കെ.കെ. ശൈലജയെ ഒതുക്കാനാണ് പേരാവൂരിലേക്ക് മാറ്റിയതെന്ന ഗോവിന്ദന്റെ ആരോപണം രാഗേഷ് തള്ളി. പൊതുസമ്മതിയുള്ള ശൈലജ മത്സരിച്ചാൽ പേരാവൂർ മണ്ഡലം തിരിച്ചുപിടിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് പാർട്ടി ഈ തീരുമാനമെടുത്തത്.

പ്രവാസി വ്യവസായി സാജന്റെ മരണവുമായി ബന്ധപ്പെട്ട് പി.കെ. ശ്യാമളയ്‌ക്കെതിരെ ഉയർന്ന ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് നേതൃത്വം ആവർത്തിച്ചു. കേസിലെ എഫ്‌ഐആറിൽ ശ്യാമള പ്രതിയല്ലെന്നും, നവീൻ ബാബുവിന്റെ മരണത്തിൽ പി.പി. ദിവ്യ പ്രതിയായതിനാലാണ് നടപടിയുണ്ടായതെന്നും എം.വി. ജയരാജൻ വ്യക്തമാക്കി.

ടി.കെ. ഗോവിന്ദന് അർഹതയിൽ കൂടുതൽ സ്ഥാനമാനങ്ങൾ പാർട്ടി നൽകിയിട്ടുണ്ടെന്നും ഇപ്പോൾ പല്ലിൽ കുത്തി നാറ്റിക്കുന്ന സമീപനമാണ് അദ്ദേഹം സ്വീകരിക്കുന്നതെന്നും എം.വി. ജയരാജൻ പരിഹസിച്ചു. സ്ഥാനാർത്ഥിത്വം ലഭിക്കാത്തതോടെ ഗോവിന്ദൻ കെ.പി.സി.സി നേതൃത്വവുമായി ബന്ധപ്പെട്ടുവെന്നും കോൺഗ്രസ് സ്ഥാനാർത്ഥി സണ്ണി ജോസഫിന് വേണ്ടി വിടുപണി ചെയ്യുകയാണെന്നും പാർട്ടി ആരോപിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow