ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരൻ; ശിക്ഷാ വിധി മറ്റന്നാൾ
2023 മെയ് 10-ന് പുലർച്ചെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ചാണ് ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസിനെ സന്ദീപ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്
കൊല്ലം: കേരളത്തെ നടുക്കിയ ഡോക്ടർ വന്ദനാ ദാസ് കൊലക്കേസിൽ പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. കൊലപാതകം ഉൾപ്പെടെ പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. പ്രതിക്കുള്ള ശിക്ഷ മറ്റന്നാൾ പ്രഖ്യാപിക്കും.
2023 മെയ് 10-ന് പുലർച്ചെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ചാണ് ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസിനെ സന്ദീപ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്. സ്കൂൾ അധ്യാപകനായിരുന്ന ഒരാൾ നടത്തിയ ഈ ക്രൂരകൃത്യം വലിയ ജനരോഷത്തിന് കാരണമായിരുന്നു.
കാലിന് പരിക്കേറ്റതിനെത്തുടർന്ന് പൂയപ്പള്ളി പോലീസ് സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചതായിരുന്നു. പരിശോധനയ്ക്കിടെ പ്രകോപിതനായ സന്ദീപ് സർജിക്കൽ കത്രിക ഉപയോഗിച്ച് പോലീസുകാരെയും ഡോക്ടറെയും ആക്രമിച്ചു.
ആക്രമണത്തിനിടെ വന്ദനയ്ക്ക് ഓടി രക്ഷപ്പെടാനായില്ല. പ്രതി കത്രിക കൊണ്ട് ഡോക്ടറെ പലതവണ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. കേസിൽ 70-ലധികം സാക്ഷികളെ വിസ്തരിച്ചു. ആശുപത്രിയിലെ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ 22 തൊണ്ടിമുതലുകളും 207 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
സമൂഹത്തിന് മാതൃകയാകേണ്ട അധ്യാപകൻ എന്ന സ്ഥാനത്തിരുന്ന് ഇത്രയും ഭയാനകമായ കൃത്യം ചെയ്ത പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. കൃത്യമായ ശാസ്ത്രീയ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.
What's Your Reaction?