'അമിത് ഷായുടെ പ്രഖ്യാപനത്തെ കരുതിയിരിക്കണം, ബി.ജെ.പി. അധികാരത്തിലെത്തിയാല്‍ കേരളത്തനിമ നശിപ്പിക്കുമെന്ന്' മുഖ്യമന്ത്രി
അധികാരത്തിലെത്താൻ ബി.ജെ.പി. എല്ലാ കുൽസിത മാർഗങ്ങളും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ ഭരണം പിടിക്കുമെന്ന അമിത് ഷായുടെ പ്രഖ്യാപനത്തെ കരുതിയിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അധികാരത്തിലെത്താൻ ബി.ജെ.പി. എല്ലാ കുൽസിത മാർഗങ്ങളും സ്വീകരിക്കുമെന്നും അവർക്ക് ചെയ്യുന്ന ഓരോ വോട്ടും കേരളത്തനിമ നശിപ്പിക്കുമെന്നുമാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. അതേസമയം, തൃശൂരിലെ വോട്ട് ചോര്‍ത്തല്‍ വിവാദത്തില്‍ ബി.ജെ.പി. നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി.എസ്. സുനില്‍കുമാര്‍ രംഗത്തെത്തി.
മനോരമ കോൺക്ലെവിൽ അമിത് ഷാ നടത്തിയ പ്രഖ്യാപനങ്ങൾക്കാണ് മുഖ്യമന്ത്രിയുടെ മറുപടി. തദ്ദേശ തെരഞ്ഞെടുപ്പിൽ 25 ശതമാനം വോട്ടും നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരവും എന്നായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. അധികാരത്തിൽ എത്തുമെന്ന പ്രഖ്യാപനം ബി.ജെ.പി. നേതാക്കൾ പലപ്പോഴും നടത്തിയിട്ടുണ്ടെങ്കിലും അമിത് ഷായുടെ വാക്കുകൾ ഗൗരവത്തോടെ കാണണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരളം ആർജ്ജിച്ച മൂല്യങ്ങൾ സംരക്ഷിക്കേണ്ട ആവശ്യകത, ബി.ജെ.പി. അധികാരത്തിൽ ഉള്ളിടങ്ങളിൽ നടക്കുന്ന ന്യൂനപക്ഷ വേട്ട, ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്വദേശിവത്കരണം ഉണ്ടാക്കുന്ന അപകടം, ഫെഡറലിസത്തിന്റെ തകർച്ച ഇങ്ങനെ പല കാരണങ്ങൾ കൊണ്ട് ബി.ജെ.പി. അധികാരത്തിൽ എത്തരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ പറയുന്നത് കേവലം തെരഞ്ഞെടുപ്പിന്റെ കാര്യമല്ലെന്നും ബി.ജെ.പി.ക്ക് ചെയ്യുന്ന ഓരോ വോട്ടും കേരളത്തനിമ നശിപ്പിക്കുമെന്നും പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.
What's Your Reaction?






