തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈൻ മദ്യവിൽപ്പന പരിഗണനയിലില്ലെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ്. എടുത്തു ചാടുന്ന തീരുമാനം സർക്കാരിൻ്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളോടായിരുന്നു മന്ത്രിയുടെ പ്രതികരണം. സമൂഹം പാകപ്പെടാതെ ഒന്നിനെയും അടിച്ചേൽപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു.
വരുമാനവര്‍ധനവിന് പല വഴികള്‍ ആലോചിക്കേണ്ടിവരും. എന്നാൽ ഇപ്പോള്‍ ഓണ്‍ലൈൻ മദ്യവിൽപ്പനയെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും എംബി രാജേഷ് പറഞ്ഞു. കേരളത്തിൽ കഴിഞ്ഞ നാലു വർഷത്തിനിടെ മദ്യത്തിന് വില കൂട്ടിയിട്ടില്ല. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ വില വർദ്ധനവ് വന്നിട്ടുണ്ട്.
ഓൺലൈൻ മദ്യവിൽപനയുടെ കാര്യത്തിൽ പ്രൊപ്പോസൽ നേരത്തെയും എത്തിയിട്ടുണ്ട്. മദ്യനയരൂപീകരണ സമയത്തും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച വന്നിരുന്നു. എന്നാൽ സർക്കാർ അംഗീകരിച്ച മദ്യനയത്തിൽ കേന്ദ്രീകരിച്ച പ്രവർത്തനം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.