രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്: വിവാഹ വാഗ്ദാനം നൽകി പീഡനം, നിർബന്ധിത ഗർഭച്ഛിദ്രം എന്നിവ കുറ്റങ്ങൾ
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് എഫ്.ഐ.ആർ. തയ്യാറാക്കിയിരിക്കുന്നത്
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും എം.എൽ.എ.യുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നെടുമങ്ങാട് വലിയമല സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് എഫ്.ഐ.ആർ. തയ്യാറാക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം യുവതി മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ റൂറൽ എസ്.പി. കെ.എസ്. സുദർശൻ്റെ നേതൃത്വത്തിൽ യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച വൈകുന്നേരം നാലരയോടെ മറ്റൊരു സ്ത്രീയോടൊപ്പം എത്തിയാണ് യുവതി മുഖ്യമന്ത്രിയുടെ ഓഫീസിൽ മൂന്നുപേജുള്ള പരാതി നൽകിയത്. വാട്‌സ്ആപ്പ് ചാറ്റ്, ശബ്ദരേഖ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളും കൈമാറിയിട്ടുണ്ട്.
എ.ഡി.ജി.പി. എച്ച്. വെങ്കടേഷിന് മുഖ്യമന്ത്രി പരാതി കൈമാറിയതിനുപിന്നാലെ പോലീസ് ആസ്ഥാനത്ത് ഉദ്യോഗസ്ഥർ യോഗം ചേർന്ന് തുടർനടപടികൾ നിശ്ചയിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കേ രാഹുലിനെതിരെ ഉയർന്ന പരാതി രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കുമെന്ന് വിലയിരുത്തപ്പെടുന്നു. പരാതി ലഭിച്ചതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ തൻ്റെ പാലക്കാട്ടെ എം.എൽ.എ. ഓഫീസ് പൂട്ടി ഒളിവിൽ പോയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഫോണും സ്വിച്ച് ഓഫാണ്.
നേരത്തെ ഓഗസ്റ്റിൽ രാഹുലിനെതിരെ ലൈംഗികാരോപണം ഉയർന്നപ്പോൾ, ശബ്ദരേഖയിലെ യുവതിയെ കണ്ടെത്തി പരാതി എഴുതി നൽകാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നുവെങ്കിലും യുവതി തയ്യാറായിരുന്നില്ല. അന്ന് ശബ്ദരേഖ തൻ്റേതാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാൻ രാഹുൽ തയ്യാറായിരുന്നില്ല. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതോടെ പോലീസ് അറസ്റ്റിനുള്ള നീക്കം ആരംഭിച്ചു. ഈ സാഹചര്യത്തിൽ രാഹുൽ മുൻകൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കാൻ ശ്രമിക്കുന്നതായാണ് വിവരം.
What's Your Reaction?

