ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണക്കേസ്: എസ്‌എഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജയ് വിമൽ അറസ്റ്റിൽ

May 31, 2026 - 13:24
May 31, 2026 - 13:24
 0
ഇഡി ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണക്കേസ്: എസ്‌എഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജയ് വിമൽ അറസ്റ്റിൽ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ റെയ്ഡ് നടത്തി മടങ്ങിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്കുനേരെയുണ്ടായ ആക്രമണക്കേസിൽ എസ്‌എഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജയ് വിമലിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിലെത്തിയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 26 ആയി.

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് അംഗവും മുൻ കേരള സർവകലാശാല യൂണിയൻ ചെയർമാനുമായ വിജയ് വിമലിന്റെ അറസ്റ്റിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് എസ്‌എഫ്‌ഐയുടെ തീരുമാനം. ഇതിന്റെ ഭാഗമായി സംഘടന ഇന്ന് പൊലീസ് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തും.

വിജയ് വിമൽ സംഭവത്തിൽ നേരിട്ട് പങ്കെടുത്തിട്ടില്ലെന്നാണ് എസ്‌എഫ്‌ഐയുടെ നിലപാട്. പുതിയ അധ്യയനവർഷം ആരംഭിക്കാനിരിക്കെ വിദ്യാർത്ഥി നേതാക്കളെ ലക്ഷ്യമിട്ടാണ് പൊലീസ് നടപടി സ്വീകരിക്കുന്നതെന്നും സംഘടന ആരോപിച്ചു. അറസ്റ്റ് നടപടിക്കിടെ വീട്ടിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും പൊലീസ് ഭീഷണിപ്പെടുത്തിയതായും എസ്‌എഫ്‌ഐ ആരോപിക്കുന്നു.

അതേസമയം, ഇഡി ഉദ്യോഗസ്ഥർക്കുനേരെയുണ്ടായ ആക്രമണം ആസൂത്രിതമായ രാഷ്ട്രീയ ആക്രമണമാണെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഭരണഘടനാ സ്ഥാപനത്തിനെതിരായ വെല്ലുവിളിയാണ് ഈ സംഭവമെന്നും തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കി.

ആക്രമിക്കപ്പെട്ട വാഹനം പൊതുമുതലാണെന്നും പൊതുമുതൽ നശിപ്പിച്ചിട്ടില്ലെന്ന വാദം നിലനിൽക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഡ്യൂട്ടിയിലിരിക്കെ ഉദ്യോഗസ്ഥർക്കുനേരെയുണ്ടായ ആക്രമണം ഭീതിയും മാനസികാഘാതവും സൃഷ്ടിച്ചുവെന്നും സമൂഹത്തെ നേരിട്ട് ബാധിക്കുന്ന ഗുരുതര സംഭവമാണിതെന്നും കോടതി വിലയിരുത്തി.

കേസിൽ ആദ്യഘട്ടത്തിൽ അറസ്റ്റിലായ നിഥിൻ രാജ്, മനോജ്, ജീവൻ, ശ്രീജിത്ത്, ഷാഹിൻ എന്നിവരുടെ ജാമ്യാപേക്ഷയും തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow