അടിമുടി മാറാൻ ഇന്ത്യൻ രൂപ; കറൻസി നോട്ടുകളിൽ പുതിയ പരീക്ഷണങ്ങൾക്കൊരുങ്ങി ആർബിഐ. ഡിസൈനിലും സുരക്ഷാ മാനദണ്ഡങ്ങളിലും വൻ പരിഷ്കാരങ്ങൾക്ക് സാധ്യത

May 30, 2026 - 12:48
May 30, 2026 - 12:49
 0
അടിമുടി മാറാൻ ഇന്ത്യൻ രൂപ; കറൻസി നോട്ടുകളിൽ പുതിയ പരീക്ഷണങ്ങൾക്കൊരുങ്ങി ആർബിഐ. ഡിസൈനിലും സുരക്ഷാ മാനദണ്ഡങ്ങളിലും വൻ പരിഷ്കാരങ്ങൾക്ക് സാധ്യത

മുംബൈ: രാജ്യത്തെ കറൻസി നോട്ടുകളുടെ നിർമ്മാണത്തിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി റിസർവ് ബാങ്ക്. നിലവിലുള്ള പേപ്പർ നോട്ടുകൾക്ക് പകരം പ്ലാസ്റ്റിക് അധിഷ്ഠിത 'പോളിമർ' കറൻസികൾ അച്ചടിക്കുന്നതിനെക്കുറിച്ച് ആർബിഐ ഗൗരവമായി ആലോചിച്ചുതുടങ്ങി. പട്നയിലും മുംബൈയിലുമായി നടന്ന ആർബിഐയുടെ സമീപകാല ബോർഡ് യോഗങ്ങളിൽ ഇക്കാര്യം സജീവ ചർച്ചയായതായാണ് റിപ്പോർട്ടുകൾ. കറൻസി നോട്ടുകളുടെ ആയുസ്സ് വർധിപ്പിക്കുക, നിർമ്മാണച്ചെലവ് ചുരുക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഈ നീക്കം. ഇതിന്റെ ഭാഗമായി പോളിമർ നോട്ടുകൾ ഉൾപ്പെടുത്തിയുള്ള ഒരു പൈലറ്റ് പ്രോജക്ട് ആർബിഐ ഉടൻ പ്രഖ്യാപിച്ചേക്കും. പുതിയ നോട്ടുകൾ വിതരണം ചെയ്യുന്നതിനായി രാജ്യത്തെ എടിഎമ്മുകളിലും ആവശ്യമായ സാങ്കേതിക മാറ്റങ്ങൾ വരുത്തും.

ഡിജിറ്റൽ പേയ്‌മെന്റുകൾ രാജ്യത്ത് വ്യാപകമായി വളരുമ്പോഴും, വിപണിയിൽ കറൻസി നോട്ടുകളുടെ ഉപയോഗം ഉയർന്ന നിലയിൽ തന്നെ തുടരുകയാണെന്ന് ആർബിഐ വ്യക്തമാക്കുന്നു. പ്രത്യേകിച്ച് 10, 20 രൂപ നോട്ടുകൾക്ക് വലിയ ആവശ്യക്കാരാണുള്ളത്. എന്നാൽ പേപ്പർ നോട്ടുകൾ അച്ചടിക്കുന്നതിനായി വൻ തുകയാണ് രാജ്യം ചെലവിടുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം നോട്ടടിക്ക് 6372.8 കോടി രൂപ ചെലവഴിക്കേണ്ടി വന്നു. മുൻവർഷത്തെ 5101.4 കോടി രൂപയേക്കാൾ വലിയ വർധനവാണിത്. ഇതിനുപുറമെ, നോട്ടുകൾ വേഗത്തിൽ മുഷിയുന്നതും കീറുന്നതും ആർബിഐക്ക് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. 2025 സാമ്പത്തിക വർഷത്തിൽ മാത്രം 23.8 ബില്യൺ മുഷിഞ്ഞ നോട്ടുകളാണ് ആർബിഐക്ക് വിപണിയിൽ നിന്ന് പിൻവലിക്കേണ്ടി വന്നത്. ഇതിൽ ഭൂരിഭാഗവും 500, 100 രൂപ നോട്ടുകളായിരുന്നു.

ഇതാദ്യമായല്ല ഇന്ത്യയിൽ പോളിമർ നോട്ടുകളെക്കുറിച്ചുള്ള ആലോചന നടക്കുന്നത്. 2012-ൽ യുപിഎ സർക്കാരിന്റെ കാലത്ത് അഞ്ച് നഗരങ്ങളിലായി 10 രൂപയുടെ ഒരു ബില്യൺ പോളിമർ നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കാൻ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ അത് നടപ്പായില്ല. നിലവിൽ ഓസ്‌ട്രേലിയ, യുകെ, കാനഡ ഉൾപ്പെടെ ലോകത്തിലെ അറുപതോളം രാജ്യങ്ങൾ പോളിമർ കറൻസികളിലേക്ക് വിജയകരമായി മാറി കഴിഞ്ഞിട്ടുണ്ട്. ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളും കള്ളനോട്ടുകൾ നിർമ്മിക്കാനുള്ള ബുദ്ധിമുട്ടും പോളിമർ നോട്ടുകളുടെ പ്രധാന സവിശേഷതകളാണ്.


What's Your Reaction?

like

dislike

love

funny

angry

sad

wow