ഏഷ്യകപ്പ് ട്രോഫി എ.സി.സി ആസ്ഥാനത്തുനിന്ന് മാറ്റി നഖ്‍വി
കഴിഞ്ഞയാഴ്ച ബി.സി.സി.ഐ. പ്രതിനിധികൾ ദുബായിലെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൻ്റെ ഓഫിസിൽ എത്തിയിരുന്നുവെങ്കിലും, ട്രോഫി അവിടെയില്ല എന്ന വിവരമാണ് അവർക്ക് ലഭിച്ചത്
ദുബായ്: ഇന്ത്യക്ക് അവകാശപ്പെട്ട ഏഷ്യാകപ്പ് ക്രിക്കറ്റ് വിജയികൾക്കുള്ള ട്രോഫി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി.) ആസ്ഥാനത്തുനിന്നു മാറ്റി എ.സി.സി. തലവനും പാകിസ്ഥാൻ സർക്കാരിലെ മന്ത്രിയുമായ മൊഹ്‌സിൻ നഖ്‌വി. ഏഷ്യാകപ്പ് ട്രോഫി അബുദാബിയിലേക്കാണ് നഖ്‌വി മാറ്റിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞയാഴ്ച ബി.സി.സി.ഐ. പ്രതിനിധികൾ ദുബായിലെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൻ്റെ ഓഫിസിൽ എത്തിയിരുന്നുവെങ്കിലും, ട്രോഫി അവിടെയില്ല എന്ന വിവരമാണ് അവർക്ക് ലഭിച്ചത്. ഇന്ത്യക്ക് വേണമെങ്കിൽ ട്രോഫി എ.സി.സി. ഓഫിസിൽ എത്തി വാങ്ങാമെന്ന നിലപാടാണ് നഖ്‌വി നേരത്തേ സ്വീകരിച്ചിരുന്നത്. എത്രയും പെട്ടെന്ന് ട്രോഫി കൈമാറണമെന്ന് ആവശ്യപ്പെട്ട് ബി.സി.സി.ഐ. മൊഹ്‌സിൻ നഖ്‌വിക്ക് കത്തയച്ചിരുന്നു. എന്നാൽ, ഒരു ഇന്ത്യൻ താരത്തെ തൻ്റെ അടുത്തേക്ക് അയച്ചാൽ ട്രോഫി തന്നു വിടാമെന്നായിരുന്നു നഖ്‌വിയുടെ മറുപടി. ബി.സി.സി.ഐക്ക് താൽപര്യമുണ്ടെങ്കിൽ ഇന്ത്യയിൽവെച്ച് സമ്മാനദാനച്ചടങ്ങ് സംഘടിപ്പിക്കാമെന്ന നിർദേശവും നഖ്‌വി മുന്നോട്ടുവെച്ചു.
പാകിസ്ഥാൻ മന്ത്രി കൂടിയായ മൊഹ്‌സിൻ നഖ്‌വിക്കെതിരെ ഘട്ടംഘട്ടമായുള്ള നീക്കങ്ങളാണ് ബി.സി.സി.ഐ. നടത്തുന്നത്. വിഷയത്തിൽ അടുത്ത മാസം നടക്കുന്ന ഐ.സി.സി. യോഗത്തിൽ പ്രതിഷേധം അറിയിക്കാനാണ് ബി.സി.സി.ഐയുടെ തീരുമാനം.
സെപ്തംബർ 28-ന് നടന്ന ഏഷ്യാകപ്പ് ഫൈനലിൽ പാകിസ്ഥാനെ തോൽപ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. എന്നാൽ, വിജയിച്ച് ഒരു മാസത്തോളമായിട്ടും ട്രോഫി ഇന്ത്യയ്ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. പാകിസ്ഥാൻ മന്ത്രിയിൽനിന്ന് ഇന്ത്യൻ താരങ്ങൾ ട്രോഫി സ്വീകരിക്കില്ലെന്ന് ബി.സി.സി.ഐ. നേരത്തേ തീരുമാനിച്ചിരുന്നതാണ്. എന്നാൽ ഫൈനലിന് ശേഷം ട്രോഫിയുമായി വേദി വിട്ട നഖ്‌വി അത് എ.സി.സി. ഓഫിസിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഏഷ്യാകപ്പ് മത്സരങ്ങൾക്കിടെ പാക് താരങ്ങളുമായി ഇന്ത്യൻ താരങ്ങൾ ഹസ്തദാനം പോലും നടത്തിയിരുന്നില്ല.
What's Your Reaction?

