കൊയിലാണ്ടിയിൽ വിദ്യാർഥിനി വീടിനുള്ളിൽ മരിച്ച നിലയിൽ; ശരീരത്തിലെ മുറിവുകളില്‍ ദുരൂഹത

പിതാവ് വീട്ടിലെത്തിയപ്പോൾ വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു

Feb 25, 2026 - 15:08
Feb 25, 2026 - 15:08
 0
കൊയിലാണ്ടിയിൽ വിദ്യാർഥിനി വീടിനുള്ളിൽ മരിച്ച നിലയിൽ; ശരീരത്തിലെ മുറിവുകളില്‍ ദുരൂഹത

കൊയിലാണ്ടി: പൊയിൽകാവിൽ കോളജ് വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊയിൽകാവ് എടക്കുളം സ്വദേശി ശ്രീനന്ദ (21) ആണ് മരിച്ചത്. കൊയിലാണ്ടി ശ്രീ നാരായണ ഗുരുദേവ കോളജിലെ അവസാന വർഷ സൈക്കോളജി ബിരുദ വിദ്യാർഥിനിയാണ് ശ്രീനന്ദ.

ചൊവ്വാഴ്ച വൈകിട്ട് കോളജിൽ നിന്ന് മടങ്ങിയെത്തിയ ശ്രീനന്ദയെ ക്ഷേത്രത്തിലെ ഉത്സവം കാണാൻ മാതാപിതാക്കൾ ക്ഷണിച്ചിരുന്നെങ്കിലും പോയിരുന്നില്ല. തുടർന്ന് പിതാവ് വീട്ടിലെത്തിയപ്പോൾ വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.

ജനലിലൂടെ നോക്കിയപ്പോൾ മകൾ തൂങ്ങിനിൽക്കുന്നത് കണ്ട പിതാവ്, അയൽവാസിയുടെ സഹായത്തോടെ വാതിൽ തകർത്ത് അകത്തുകയറി ശ്രീനന്ദയെ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ശ്രീനന്ദയുടെ നെറ്റിയിലും താടിയിലും മുറിവുകൾ കണ്ടെത്തിയത് മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. കൊയിലാണ്ടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow