കണ്ണൂരിൽ പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രിയ്ക്ക് പരിക്ക്; ആശുപത്രിയിലേക്ക് മാറ്റി

മന്ത്രി പ്ലാറ്റ്‌ഫോമിലേക്ക് എത്തിയതോടെ പ്രതിഷേധക്കാർ മുദ്രാവാക്യം വിളികളുമായി അപ്രതീക്ഷിതമായി പാഞ്ഞടുക്കുകയായിരുന്നു

Feb 25, 2026 - 16:38
Feb 25, 2026 - 16:38
 0
കണ്ണൂരിൽ പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രിയ്ക്ക് പരിക്ക്; ആശുപത്രിയിലേക്ക് മാറ്റി

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണാ ജോർജിന് പരിക്കേറ്റു. വന്ദേ ഭാരത് ട്രെയിനിൽ യാത്ര ചെയ്യാനായി ഒന്നാം പ്ലാറ്റ്‌ഫോമിലെത്തിയപ്പോഴാണ് പ്രതിഷേധക്കാർ മന്ത്രിക്ക് നേരെ പാഞ്ഞടുത്തത്. കഴുത്തിനും കൈയ്ക്കും പരുക്കേറ്റ മന്ത്രിയെ ഉടൻ തന്നെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മന്ത്രി പ്ലാറ്റ്‌ഫോമിലേക്ക് എത്തിയതോടെ പ്രതിഷേധക്കാർ മുദ്രാവാക്യം വിളികളുമായി അപ്രതീക്ഷിതമായി പാഞ്ഞടുക്കുകയായിരുന്നു. പോലീസിന് ഇവരെ പൂർണ്ണമായി തടയാനായില്ല. കഴുത്തിന് സാരമായി വേദനയുണ്ടെന്ന് മന്ത്രി അറിയിച്ചതിനെ തുടർന്ന് വലിയ പോലീസ് സന്നാഹത്തോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സംഭവസ്ഥലത്തുണ്ടായിരുന്ന സ്പീക്കർ എ.എൻ. ഷംസീർ ആക്രമണത്തെ അപലപിച്ചു. പ്രതിഷേധിക്കുന്നത് ജനാധിപത്യപരമായ അവകാശമാണെങ്കിലും മന്ത്രിയെ കയ്യേറ്റം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം പറഞ്ഞു.

പെരിങ്ങോം താലൂക്ക് ആശുപത്രി ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുന്ന വഴിയിൽ പെരിങ്ങോം, ഇരിക്കൂർ, തലശ്ശേരി, ചാലോട്, ആയിപ്പുഴ എന്നിവിടങ്ങളിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയെ കരിങ്കൊടി കാണിച്ചു.

കണ്ണൂർ നഗരത്തിൽ വെച്ച് യൂത്ത് ലീഗ് പ്രവർത്തകർ മന്ത്രിയുടെ വാഹനം തടയുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. തുടർന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധങ്ങൾക്കും കരിങ്കൊടിക്കുമെതിരെ മന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു. കരിങ്കൊടിയെ താൻ 'പൂമാലയായി' സ്വീകരിക്കുന്നുവെന്നും ആരോഗ്യരംഗത്തെ വികസനപ്രവർത്തനങ്ങൾ കണ്ടാണ് ഈ പ്രതിഷേധമെങ്കിൽ അതിൽ പരിഭവമില്ലെന്നുമാണ് മന്ത്രി കല്യാട് വെച്ച് പ്രതികരിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow