മരണാനന്തരവും അഞ്ചുപേർക്ക് ജീവനായി ജിജിൻ; അവയവദാനത്തിൽ വീണ്ടും മാതൃകയായി കേരളം
കഴിഞ്ഞ ഞായറാഴ്ച അർദ്ധരാത്രി കല്ലമ്പലം തോട്ടക്കാട് വച്ച് ജിജിൻ സഞ്ചരിച്ചിരുന്ന ബൈക്ക് കാറിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്
തിരുവനന്തപുരം: മസ്തിഷ്‌ക മരണം സംഭവിച്ച കിളിമാനൂർ സ്വദേശി ജിജിന്റെ (37) അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചതിലൂടെ അവയവദാന രംഗത്ത് കേരളം വീണ്ടും മാതൃകയാകുന്നു. അപകടത്തിൽ പൊലിഞ്ഞ ജിജിന്റെ കരൾ, വൃക്ക, ഹൃദയം, പാൻക്രിയാസ് ഗ്രന്ഥി, കോർണിയ എന്നിവയാണ് അഞ്ചുപേർക്ക് പുതുജീവൻ നൽകുക.
കഴിഞ്ഞ ഞായറാഴ്ച അർദ്ധരാത്രി കല്ലമ്പലം തോട്ടക്കാട് വച്ച് ജിജിൻ സഞ്ചരിച്ചിരുന്ന ബൈക്ക് കാറിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ജിജിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്നലെ ആശുപത്രി അധികൃതർ ജിജിന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിലെ ക്ലർക്കായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. പ്രിയപ്പെട്ടവന്റെ വിയോഗത്തിനിടയിലും അവയവങ്ങൾ ദാനം ചെയ്യാൻ ജിജിന്റെ കുടുംബം കാണിച്ച മനസ്സ് വലിയ അഭിനന്ദനങ്ങൾക്ക് പാത്രമായി.
ഒരു വൃക്കയ്ക്കും നേത്രപടലങ്ങൾക്കും (കോർണിയ) ആവശ്യമായ സ്വീകർത്താക്കളെ നിലവിൽ കണ്ടെത്തിയിട്ടുണ്ട്. സർക്കാർ ഏജൻസിയായ 'മൃതസഞ്ജീവനി' വഴി മറ്റ് അവയവങ്ങൾ നൽകാനുള്ള നടപടികൾ ആരോഗ്യവകുപ്പ് അധികൃതർ വേഗത്തിൽ പൂർത്തിയാക്കി വരികയാണ്. ജിജിന്റെ ഈ ത്യാഗം അഞ്ച് കുടുംബങ്ങളിലാണ് വെളിച്ചം പകരുന്നത്.
What's Your Reaction?