തിരുവനന്തപുരം: പരാതി രഹിത സ്കൂൾ ഒളിമ്പിക്സ് ആണ് നടന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കേരള സ്‌കൂൾ ഒളിമ്പിക്സിൽ സ്വർണ്ണം നേടിയ അർഹരായവർക്ക് വീട് വെച്ച് നൽകുന്ന പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്.
പല കായിക താരങ്ങള്‍ക്കും സ്വന്തമായി വീട് ഇല്ലാത്ത സാഹചര്യമുണ്ട്. സ്ഥലമുണ്ടായിട്ടും വീട് ഇല്ലാത്ത നിലയാണ്. ചിലര്‍ക്ക് ഉള്ള വീട്ടിൽ താമസിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ട്. സ്വര്‍ണം നേടിയ അർഹരായവര്‍ക്ക് വീട് വെച്ച് നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
50 വീടുകൾ നിർമ്മിച്ചു നൽകാനാണ് തീരുമാനം. നിലവിൽ ഇതിനുള്ള സ്പോൺസർമാരായി എന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സ്വർണ്ണം നേടിയവരും മീറ്റ് റെക്കോർഡ് നേടിയവരുമുണ്ട്. മീറ്റ് റെക്കോർഡും സ്വർണവും നേടിയ അർഹരായവർക്ക് വീട് വെച്ച് നൽകുമെന്ന് മന്ത്രി അറിയിച്ചു.
ഇതിനായി വിവിധ സംഘടനകളുമായി ബന്ധപ്പെട്ടുവെന്ന് മന്ത്രി വ്യക്തമാക്കി. ഈ പദ്ധതിയിൽ വീട് വെച്ചു നൽകാൻ താൽപര്യമുള്ളവർ വകുപ്പിനെ സമീപിച്ചാൽ പാവപ്പെട്ട കുട്ടികൾക്ക് അത് വലിയ കൈത്താങ്ങാകും. മാത്രമല്ല നിവേദകൃഷ്ണയുടെ ഹാജര്‍ വിഷയത്തിൽ ഇടപെടുമെന്ന് മന്ത്രി അറിയിച്ചു.
അതേസമയം സ്കൂൾ ഒളിമ്പിക്സിൽ മുഖ്യമന്ത്രിയുടെ സ്വര്‍ണക്കപ്പ് ഈ വര്‍ഷം മുതല്‍ നല്‍കി തുടങ്ങുമെന്നും വിപുലമായ ഘോഷയാത്രയോടെ സ്വര്‍ണക്കപ്പിനെ നാളെ വരവേല്‍ക്കുമെന്നും വി ശിവൻകുട്ടി അറിയിച്ചു. കിഴക്കേകോട്ടയിൽ നിന്ന് ആരംഭിച്ച് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ അവസാനിക്കുന്ന തരത്തിലാണ് ഘോഷയാത്ര നടത്തുക.