തൃശൂര്‍: എയിംസ് തൃശൂരിൽ വരുമെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കമ്മ്യൂണിസം കൊണ്ട് തുലഞ്ഞുപോയ ആലപ്പുഴയെ കരകയറ്റാൻ ആണ് എയിംസ് ആലപ്പുഴയിൽ വേണമെന്ന് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂരില്‍ നിന്ന് എംപിയാകുന്നതിന് മുന്‍പ് തന്നെ ആലപ്പുഴയില്‍ എയിംസ് വേണന്നു പറഞ്ഞിരുന്നുവെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.
താന്‍ ഒറ്റ തന്തയ്ക്ക് പിറന്നവനാണ്, ഒരിക്കലും വാക്കുമാറില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഇക്കാര്യത്തിൽ പ്രാദേശികതയും രാഷ്ട്രീയവുമില്ല. ആലപ്പുഴയിൽ എയിംസ് വരുന്നതിനായി പ്രാർഥിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശൂരിന്‍റെ വികസനം ലക്ഷ്യമിട്ടുള്ള എസ്‍ജി കോഫി ടൈംസ് എന്ന പേരിലുള്ള പുതിയ ചര്‍ച്ചാ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. മെട്രോ റെയില്‍ സര്‍വീസ് തൃശൂരിലേക്ക് വരുമെന്നും താന്‍ പറഞ്ഞിട്ടില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. അങ്കമാലിവരെ മെട്രോ പാത എത്തിയശേഷം ഉപപാതയായി പാലിയേക്കര കടന്ന് കോയമ്പത്തൂരിലേക്ക് പോകണമെന്നാണ് താന്‍ പറഞ്ഞത്. അതു പോലെ മറ്റൊരു ഉപപാതയായി നാട്ടിക, തൃപ്രയാർ, ഗുരുവായൂർ വഴി താനൂരിലും എത്തണമെന്നും സുരേഷ് ഗോപി വിശദീകരിച്ചു.