തിരുവനന്തപുരം: പിഎം ശ്രീയിൽ ഒപ്പുവെച്ചെന്നു കരുതി കേരളത്തിന്‍റെ വിദ്യാഭ്യാസ നയം കേന്ദ്രത്തിന് അടിയറവ് വെയ്ക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. പിഎം ശ്രീ പദ്ധതിയിൽ MoUവിൽ നിന്ന് ഏത് നിമിഷവും പിന്മാറാമെന്നും മന്ത്രി വ്യക്താമാക്കി.
47 ലക്ഷത്തോളം വിദ്യാർത്ഥികളെ ബാധിക്കുന്ന പ്രശ്നമാണിതെന്നും കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യം വിട്ടുവീഴ്ച ചെയ്യാതെയാണ് ഫണ്ട് വാങ്ങുന്നതെന്നും ശിവൻകുട്ടി പറഞ്ഞു. കേരളത്തിൽ ഇന്നലെ വരെ തുടർന്ന ഇടതുപക്ഷ നിലപാട് അടിയറവ് വെക്കുന്ന സാഹചര്യമേ ഇല്ല.
പദ്ധതിയിൽ നിന്ന് പിന്മാറണമെങ്കില്‍ ഇരുപക്ഷവും തമ്മില്‍ ആലോചിച്ചിട്ട് വേണം പിന്മാറേണ്ടത്. അങ്ങനെ ഒരു അവകാശം രണ്ട് കക്ഷികള്‍ക്കും ഉണ്ടെന്ന് മന്ത്രി പറഞ്ഞു. പാഠപുസ്തകം തയാറാക്കുന്നത് സർക്കാർ തന്നെയാണ്. എൻഇപിയിൽ ഇത് പറയുന്നുണ്ട്.
മതേതരത്വം, സാമ്രാജ്യത്വ വിരുദ്ധ നിലപാട്, വർഗീയതയ്ക്ക് എതിരായ നിലപാട് എന്നിവയെല്ലാം ഉൾക്കൊള്ളിച്ചിട്ടുള്ള പാഠപുസ്തകങ്ങളാണ് കേരളത്തിനുള്ളത്. എൻഇപിയിൽ പറയുന്ന എട്ട് കാര്യങ്ങൾ കേരളത്തിൽ നടപ്പാക്കി. കേരളത്തിലെ വിദ്യാഭ്യാസ നയം അടിയറവ് വെക്കില്ല. ആർഎസ്എസ് നിർദേശം ഇവിടെ പഠിപ്പിക്കുമെന്നത് കെ സുരേന്ദ്രൻ്റെ സ്വപ്നമാണെന്നും മന്ത്രികൂട്ടിച്ചേർത്തു.
കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ പറയുന്നില്ല. എസ്എസ്കെ ഫണ്ടിന്റെ ആദ്യ ഗഡു ഉടൻ കിട്ടും. പദ്ധതിയുമായി ബന്ധപ്പെട്ട ഒന്നും കേരളത്തിൽ നടപ്പാക്കില്ല. എംഒയുവിൽ ഒപ്പിട്ടാലെ ഫണ്ട് കിട്ടുകയുള്ളൂ. പല ഫണ്ടും കിട്ടേണ്ടതുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. പി എം ശ്രീ പദ്ധതി കേരളത്തിന് ആവശ്യം ഇല്ല. എസ്എസ്കെ ഫണ്ട് മതി. അത് നഷ്ടപ്പെടുത്തുന്നത് എന്തിനാണെന്ന് മന്ത്രി പറഞ്ഞു.