കൊച്ചി: ശബരിമലയിൽ മരണങ്ങളുണ്ടായാൽ താഴെയെത്തിക്കാൻ ആംബുലൻസ് ഉപയോഗിക്കണമെന്ന് ഹൈക്കോടതി നിർദേശം. സന്നിധാനത്ത് വെച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ സ്‌ട്രെച്ചറിൽ ചുമന്നിറക്കരുത്. മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിന് ആംബുലൻസ് സൗകര്യം നിർബന്ധമാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. മൃതദേഹം സ്‌ട്രെച്ചറിൽ ചുമന്നുകൊണ്ടുവരുന്ന കാഴ്ച മലകയറി വരുന്നവർക്ക് കടുത്ത മാനസിക വിഷമമുണ്ടാക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ഈ രീതിയിൽ മൃതദേഹങ്ങൾ മാറ്റുന്നതിൽ ഞെട്ടലും അതൃപ്തിയും ഹൈക്കോടതി രേഖപ്പെടുത്തി. നിലവിൽ സന്നിധാനത്ത് വെച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സ്ട്രെച്ചറിലാണ് പമ്പയിലേക്ക് മാറ്റുന്നത്.
ശബരിമലയിൽ ഓരോ സിസണിലും 150 ഓളം പേർക്കെങ്കിലും ഹൃദയാഘാതങ്ങളുണ്ടാവുന്നതായി കണക്കാക്കപ്പെടുന്നുണ്ട്. ഇതിൽ നാൽപതോളം പേരെങ്കിലും മരിക്കാറുണ്ട്. അയ്യപ്പ ഭക്തരുടെ ആരോഗ്യ സുരക്ഷയ്ക്കായി ദേവസ്വം ബോർഡ് സമഗ്ര പ്രോട്ടോക്കോൾ തയ്യാറാക്കണമെന്നും കോടതി നിർദേശിച്ചു.