പാരീസ്: ഫ്രാന്‍സിലെ പാരീസിലുള്ള ലോക പ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിലെ മോഷണക്കേസില്‍ രണ്ടുപേര്‍ പിടിയില്‍. പ്രതികൾ അൾജീരിയയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ വിമാനത്താവളത്തിൽവെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എപിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഒക്ടോബർ 19നാണ് ലൂവ്ര് മ്യൂസിയത്തിൽ വൻ കവർച്ച നടന്നത്. ഫ്രഞ്ച് തലസ്ഥാനഗരിയുടെ വിഖ്യാത മുഖമുദ്രകളിലൊന്നായ ലൂവ്ര് മ്യൂസിയത്തിൽ നിന്ന് പട്ടാപകൽ വെറും ഏഴ് മിനിറ്റുകൾക്കുള്ളിലാണ് അമൂല്യരത്നങ്ങൾ പതിപ്പിച്ച നെപ്പോളിയന്റെ കിരീടം കളവ് പോയത്. തുടർന്നാണ് മ്യൂസിയം അടച്ചുപൂട്ടിയത്. ലെ പാരീസിയനിലെ റിപ്പോര്‍ട്ട് അനുസരിച്ച് പാരീസിലെ പ്രാന്തപ്രദേശമായ സീന്‍-സെന്റ്-ഡെനിസില്‍ നിന്നുള്ളവരാണ് ഇരുവരും.
88 മില്യൺ യൂറോ വിലമതിക്കുന്ന വസ്തുക്കളായിരുന്നു മോഷണം പോയിരുന്നത്. ജനല്‍ തകര്‍ത്താണ് അപ്പോളോ ഗാലറിയിലേക്ക് മോഷ്ടാക്കള്‍ കടന്നത്. ഫ്രാൻസിലെ രാജ കുടുംബത്തെ ഒരുകാലത്ത് അലങ്കരിച്ചിരുന്ന തിളങ്ങുന്ന നീലക്കല്ലുകൾ, മരതകങ്ങൾ, വജ്രങ്ങൾ എന്നിങ്ങനെ ഒട്ടേറെ അമൂല്യനിധിയാണ് ഈ മ്യൂസിയത്തിൽ നിന്നും മോഷണം പോയതെന്നാണ് റിപ്പോർട്ടുകൾ.