തുടരും എന്ന ബ്ലോക് ബസ്റ്റര്‍ ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ മോഹൻലാലിനും മാറ്റ് അണിയറ പ്രവർത്തകർക്കും ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് തരുൺ മൂർത്തി ഇക്കാര്യം അറിയിച്ചത്.
‘ഒരു കഥാകാരനും ഒരു ഇതിഹാസവും ഒന്നിക്കുമ്പോൾ ലോകം ഇളകി മറിയും, തുടരുമിന് ശേഷം ഞാനും ലാൽ സാറും പുതിയൊരു യാത്ര കൂടി പുറപ്പെടാൻ പോവുകയാണ്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ വിഷനും പേറിയാണ് ആ യാത്ര’ എന്ന ക്യാപ്ഷനോടെയാണ് തരുൺ മൂർത്തി പോസ്റ്റ് പങ്കു വെച്ചത്. ആഷിക് ഉസ്മാൻ നിർമിക്കുന്ന സിനിമയ്ക്ക് വേണ്ടിയാണ് വീണ്ടും ഇവർ എത്തുന്നത്. ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം മോഹന്‍ലാല്‍ നടത്തി.
ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രത്തിന് കഥ ഒരുക്കുന്നത് രതീഷ് രവിയാണ്. സിനിമയുടെ തിരക്കഥയും സംഭാഷണവും രതീഷിന്‍റേതാണ്. ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ഷാജി കുമാര്‍ ആണ്. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.