കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവം; അലന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കും
ഇന്നലെയാണ് മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചത്.

പാലക്കാട്: കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ അലന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്നും മുണ്ടൂരില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കുമെന്നും വനംമന്ത്രി എ കെ ശശീന്ദ്രന്‍. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും കളക്ടര്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പ്രദേശത്തെ വനമേഖലയില്‍ തുടരുന്ന മൂന്ന് ആനകളെ തുരത്താന്‍ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.
ഇന്നലെയാണ് മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചത്. മുണ്ടൂര്‍ കയറംകോട് കണ്ണാടംചോല അത്താണിപ്പറമ്പ് കുളത്തിങ്കല്‍ ജോസഫിന്റെ മകന്‍ അലന്‍ (24) ആണ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മ വിജയക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവരും കടയില്‍ സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ രാത്രി എട്ട് മണിയോടെ കണ്ണാടന്‍ചോലയക്ക് സമീപത്ത് വെച്ചായിരുന്നു ആനയുടെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ അലന്റെ അമ്മ വിജയയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സിപിഎം മുണ്ടൂരില്‍ ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
What's Your Reaction?






