എ.ഐ ചിത്രവിവാദം: കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യൻ പോലീസ് കസ്റ്റഡിയിൽ

മുഖ്യമന്ത്രിയും ഉണ്ണിക്കൃഷ്ണൻ പോറ്റിയും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്യുന്ന രീതിയിലുള്ള കാപ്ഷനോടെ സുബ്രഹ്മണ്യൻ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു

Dec 27, 2025 - 10:32
Dec 27, 2025 - 10:32
 0
എ.ഐ ചിത്രവിവാദം: കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യൻ പോലീസ് കസ്റ്റഡിയിൽ

കോഴിക്കോട്: മുഖ്യമന്ത്രിയും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും തമ്മിലുള്ള ചിത്രം വക്രീകരിച്ച് പ്രചരിപ്പിച്ചതിലൂടെ സമൂഹത്തിൽ കലാപാഹ്വാനം നടത്തിയെന്നാരോപിച്ചാണ് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗമായ എൻ. സുബ്രഹ്മണ്യനെതിരെ ചേവായൂർ പോലീസ് നടപടിയെടുത്തത്. മുഖ്യമന്ത്രിയും ഉണ്ണിക്കൃഷ്ണൻ പോറ്റിയും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്യുന്ന രീതിയിലുള്ള കാപ്ഷനോടെ സുബ്രഹ്മണ്യൻ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഈ ചിത്രം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ചതാണെന്നാണ് സിപിഎം ആരോപിക്കുന്നത്.

ചേവായൂർ സിഐയുടെ നേതൃത്വത്തിലുള്ള സംഘം സുബ്രഹ്മണ്യന്റെ വീട്ടിലെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനയ്ക്കായി ഇദ്ദേഹത്തെ നിലവിൽ വെള്ളിമാട്കുന്നിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സമൂഹത്തിൽ വിഭാഗീയതയും കലാപവും ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന ഗൗരവകരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പോലീസ് നടപടിയെ രാഷ്ട്രീയ പ്രേരിതമെന്നാണ് സുബ്രഹ്മണ്യൻ വിശേഷിപ്പിച്ചത്.

മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ പുറത്തുവിട്ട ഒരു വീഡിയോയിൽ നിന്ന് എടുത്ത ചിത്രമാണ് ഇതെന്നും വക്രീകരിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. പോലീസ് അറസ്റ്റ് ചെയ്യുകയാണെങ്കിൽ സന്തോഷത്തോടെ ജയിലിൽ പോകാൻ തയ്യാറാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയും ആർ.എസ്.എസ് നേതാക്കളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് രാഷ്ട്രീയ വിവാദം കത്തുന്നതിനിടയിലാണ് കോഴിക്കോട് നിന്നുള്ള മുതിർന്ന നേതാവിനെതിരെയുള്ള ഈ നീക്കം.

What's Your Reaction?

like

dislike

love

funny

angry

sad

wow