പത്തനംതിട്ട: ശബരിമലയിൽ ഇന്ന് മണ്ഡലപൂജ. മണ്ഡല കാലം 41 ദിവസം പൂർത്തികരിക്കുമ്പോഴാണ് ശബരിമലയിൽ ഈ വിശേഷാൽ പൂജ.ഇന്നലെ ശബരിമല സന്നിധാനത്ത് തങ്ക അങ്കി ചാർത്തിയുള്ള അയ്യപ്പ വിഗ്രഹം തീർത്ഥാടകർ ദർശിച്ചിരുന്നു.
മണ്ഡല പൂജയോട് അനുബന്ധിച്ച് സന്നിധാനത്ത് തീർത്ഥാടകർക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. മണ്ഡല പൂജ പ്രമാണിച്ച് ഇന്ന് നെയ്യഭിഷേകം 9.30 വരെ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്ന് 30,000 പേർക്ക് മാത്രമാണ് വെർച്ചൽ ക്യൂവഴി ദർശനം ഉള്ളത്. സ്പോട് ബുക്കിഗ് 2000 മാത്രം.
ഇന്ന് ശബരിമല നടയടക്കും. പിന്നീട് ഡിസംബർ 30നാണ് മകര വിളക്ക് മഹോത്സവത്തിനായി നട തുറക്കുക. മകരവിളക്ക് മഹോത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിന് വീണ്ടും നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്.
ഇന്നലെയാണ് മണ്ഡല പൂജയോടനുബന്ധിച്ച് ശബരിമലയിൽ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി എത്തിച്ചത്. സോപാനത്ത് വെച്ച് ക്ഷേത്ര തന്ത്രിയും മേൽശാന്തിയും ചേർന്ന് തങ്ക അങ്കി ഏറ്റുവാങ്ങി.