മോഡലിങ് മോഹികളായ പെൺകുട്ടികളെ കെണിയിലാക്കുന്ന രാജ്യാന്തര സെക്സ് റാക്കറ്റ്; കേസിൽ ഒരു യുവതി കൂടി അറസ്റ്റിൽ

May 19, 2026 - 10:37
May 19, 2026 - 10:51
 0
മോഡലിങ് മോഹികളായ പെൺകുട്ടികളെ കെണിയിലാക്കുന്ന രാജ്യാന്തര സെക്സ് റാക്കറ്റ്; കേസിൽ ഒരു യുവതി കൂടി അറസ്റ്റിൽ

കൊച്ചി: മോഡലിങ്ങിന്റെ മറവില്‍ നടന്ന അന്താരാഷ്‌ട്ര മനുഷ്യക്കടത്ത് കേസില്‍ ഒരു യുവതി കൂടി പൊലീസിന്റെ കസ്റ്റഡിയിലായി. പൊന്നാനി സ്വദേശിനി മഞ്ജിമയാണ് ഏറ്റവും ഒടുവിൽ പിടിയിലായത്. ഇതോടെ കേസിൽ കസ്റ്റഡിയിലായവരുടെ എണ്ണം മൂന്നായി. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. കേസിൽ കഴിഞ്ഞ ദിവസം ഇന്ദു, അലീന എന്നിവരെ മരട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പരാതിക്കാരിയായ യുവതിയെ മോഡലിങ് അവസരങ്ങൾ വാഗ്ദാനം ചെയ്ത് വിദേശത്തെത്തിച്ച് ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പിടിയിലായ അലീന മുൻപും ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുണ്ടെന്നും കൊച്ചിയിലെ ക്രിമിനൽ-ഗുണ്ടാ സംഘങ്ങളുമായി ഇവർക്ക് അടുത്ത ബന്ധമുണ്ടെന്നും പോലീസ് അറിയിച്ചു. നിലവിൽ മൂന്ന് പരാതികളാണ് മരട് പൊലീസിന് ലഭിച്ചിട്ടുള്ളത്. കേട്ടുകേൾവിയില്ലാത്ത ക്രൂരതകൾ പുറത്തുവന്ന കേസിൽ, മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്ത ഒന്നാം പ്രതി സിന്ധുവിനെ ഇന്ന് കൊച്ചിയിലെത്തിക്കും.

ഈ വൻ മനുഷ്യക്കടത്തിന് പിന്നിൽ വലിയൊരു രാജ്യാന്തര സെക്സ് റാക്കറ്റ് തന്നെയുണ്ടെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. പെൺകുട്ടികളെ വലയിലാക്കാൻ ഈ റാക്കറ്റിൽ മുൻപന്തിയിൽ നിൽക്കുന്നത് സ്ത്രീകളാണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. വിദേശത്തിരുന്ന് റാക്കറ്റ് നിയന്ത്രിക്കുന്ന മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

മോഡലിങ് രംഗത്ത് മികച്ച വരുമാനവും കരിയറും വാഗ്ദാനം ചെയ്ത് യുവതികളെ ദുബായിലേക്ക് എത്തിക്കുന്നതാണ് ഇവരുടെ തട്ടിപ്പ് രീതി. വിമാനത്താവളത്തിൽ നിന്നും നേരെ ഹോട്ടൽ മുറികളിലെത്തിക്കുന്ന പെൺകുട്ടികൾക്ക് മയക്കുമരുന്ന് കലർത്തിയ ഭക്ഷണം നൽകി ബോധം കെടുത്തും. തുടർന്ന് പലർക്കായി കാഴ്ചവെക്കുകയാണ് ചെയ്യുന്നത്. പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്ന സംഘം, ഇത് കാണിച്ച് പിന്നീട് യുവതികളെ ക്രൂരമായി മർദ്ദിക്കുകയും ബ്ലാക്ക്‌മെയിൽ ചെയ്ത് ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് ഇരകളുടെ പരാതിയിൽ പറയുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow