കൊല്ലത്ത് നാടിനെ നടുക്കിയ പോക്‌സോ കേസ്; ഒളിവിൽ പോയ പ്രതിക്ക് 40 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും!
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തുടർച്ചയായി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 40 വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കൊല്ലം വെസ്റ്റ് വില്ലേജിൽ പള്ളിത്തോട്ടം ചേരിയിൽ ക്യൂ.എസ്.എസ് കോളനിയിൽ വെളിച്ചം നഗർ 86-ൽ താമസിക്കുന്ന അനീഷിനെയാണ് (37) കൊല്ലം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് സമീർ ശിക്ഷിച്ചത്.
2019 ജൂൺ മാസം മുതൽ പല ദിവസങ്ങളിലായി പ്രതി പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു വരികയായിരുന്നു. പ്രതിയുടെ നിരന്തരമായ ഭീഷണിയെ തുടർന്ന് ഭയന്നുപോയ പെൺകുട്ടി ഈ വിവരം ആരോടും പുറത്തുപറഞ്ഞിരുന്നില്ല. എന്നാൽ ഒടുവിൽ കുട്ടിയുടെ പെരുമാറ്റത്തിൽ നിന്നും കാര്യങ്ങൾ മനസ്സിലാക്കിയ ഒരു സുഹൃത്ത് വിവരം പെൺകുട്ടിയുടെ സഹോദരനെ അറിയിക്കുകയായിരുന്നു. തുടർന്ന് കുടുംബം ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ (CWC) പരാതി നൽകിയതോടെയാണ് ക്രൂരതയുടെ വിവരങ്ങൾ പുറംലോകമറിഞ്ഞത്.
സി.ഡബ്ല്യു.സി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പള്ളിത്തോട്ടം പൊലീസ് അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പള്ളിത്തോട്ടം ഇൻസ്‌പെക്ടർ ആയിരുന്ന ദേവരാജന്റെ (നിലവിൽ ആര്യനാട് ഇൻസ്‌പെക്ടർ) നിർദ്ദേശപ്രകാരം എസ്.ഐ പി. പ്രദീപ് (നിലവിൽ നെയ്യാറ്റിൻകര ഇൻസ്‌പെക്ടർ) ആണ് കേസ് ആദ്യം അന്വേഷിച്ചത്. എസ്.ഐമാരായ കൃഷ്ണകുമാർ, അനിലാ കുമാരി, സജയൻ, രാധാകൃഷ്ണൻ എന്നിവരടങ്ങിയ സംഘം ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് കുറ്റമറ്റ രീതിയിൽ നടത്തിയ അന്വേഷണമാണ് പ്രതിക്ക് കൃത്യമായ ശിക്ഷ വാങ്ങിനൽകാൻ സഹായിച്ചത്. എസ്.ഐ പ്രദീപ് സ്ഥലം മാറിപ്പോയതിനെ തുടർന്ന് ഇൻസ്‌പെക്ടർ ദേവരാജനാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
കേസ് രജിസ്റ്റർ ചെയ്തതിന്റെ തൊട്ടടുത്ത ദിവസം തന്നെ പൊലീസ് പ്രതിയെ പിടികൂടിയിരുന്നു. എന്നാൽ മൂന്ന് മാസം റിമാൻഡിൽ കഴിഞ്ഞ ശേഷം ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ മുങ്ങുകയായിരുന്നു. പിന്നീട് 2024 സെപ്റ്റംബറിൽ പൊലീസ് വീണ്ടും ഇയാളെ പിടികൂടിയെങ്കിലും രണ്ടാമതും ജാമ്യം നേടി ഒളിവിൽ പോയി.
തുടർന്ന് ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ പള്ളിത്തോട്ടം ഇൻസ്‌പെക്ടർ സജിയുടെ നേതൃത്വത്തിൽ എസ്.ഐ നജീബ്, എസ്.സി.പി.ഓ മനോജ്, സി.പി.ഓമാരായ അഭിലാഷ്, സജിത്ത്, വിനീത് എന്നിവരടങ്ങിയ സംഘം അതിസാഹസികമായി കണ്ടെത്തി അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ സരിത കോടതിയിൽ ഹാജരായി.
What's Your Reaction?



