മോഡലിങ് എന്ന് പറഞ്ഞ് പെൺകുട്ടികളെ വലയിലാക്കും; കൊച്ചിയിലെ അന്താരാഷ്ട്ര പെൺവാണിഭ തലവൻ ബിലാൽ കുടുങ്ങി! സിനിമാ ലോകത്തും നെഞ്ചിടിപ്പ്!
കൊച്ചി: മോഡലിങ്ങിന്റെ മറവിൽ കൊച്ചി കേന്ദ്രീകരിച്ച് മനുഷ്യക്കടത്തും സെക്‌സ് റാക്കറ്റും നടത്തിയ കേസിന്റെ മുഖ്യസൂത്രധാരൻ ഒടുവിൽ മരട് പൊലീസിന്റെ വലയിലായി. മാവേലിക്കര സ്വദേശിയായ ബിലാൽ എന്ന ശ്രീകുമാറാണ് അറസ്റ്റിലായത്. സ്ത്രീകൾ ഉൾപ്പെട്ട ഈ വൻ പെൺവാണിഭ സംഘത്തെ പൂർണ്ണമായും നിയന്ത്രിച്ചിരുന്നത് ബിലാൽ ആണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
കേസിലെ ഒന്നാം പ്രതിയായ സിന്ധുവിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ബിലാലിനെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പൊലീസിന് ലഭിക്കുന്നത്. ഈ കേസിലെ പരാതിക്കാരിയായ യുവതിയെ സിന്ധുവിന് പരിചയപ്പെടുത്തിക്കൊടുത്തത് ബിലാലും ഇയാളുടെ ഭാര്യയും ചേർന്നാണെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അറസ്റ്റിലായ ബിലാലിനെ മരട് പൊലീസ് എസിപി ഓഫീസിലെത്തിച്ച് പ്രാഥമിക മൊഴിയെടുപ്പ് പൂർത്തിയാക്കി. തുടർന്ന് വൈദ്യപരിശോധനയ്ക്കായി കൊച്ചി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ബിലാലിന്റെ നേതൃത്വത്തിലുള്ള സെക്‌സ് റാക്കറ്റ് കൊച്ചിയിലും പുറത്തുമായി ദീർഘകാലമായി സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നിലവിൽ രണ്ട് പരാതികളാണ് ഈ സംഘത്തിനെതിരെ പൊലീസിന് ലഭിച്ചിട്ടുള്ളത്. എന്നാൽ നാണക്കേട് ഭയന്ന് പുറത്തുപറയാത്ത നിരവധി ഇരകൾ ഉണ്ടാകാമെന്നതിനാൽ, ഇവർക്ക് ഭയമില്ലാതെ പരാതിപ്പെടാനായി പൊലീസ് പ്രത്യേക ടോൾ ഫ്രീ നമ്പറും പുറത്തുവിട്ടിട്ടുണ്ട്.
ബിലാലിനെക്കൂടാതെ കേസിൽ ഇതുവരെ മറ്റ് മൂന്ന് സ്ത്രീകളാണ് പൊലീസിന്റെ പിടിയിലായിട്ടുള്ളത്. ദുബായിൽ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനം നടത്തുന്ന ഒന്നാം പ്രതി സിന്ധു, തിരുവനന്തപുരം സ്വദേശിനി അലീന എബ്രഹാം, പൊന്നാനി സ്വദേശിനി മഞ്ജിമ എന്നിവരാണ് നേരത്തെ അറസ്റ്റിലായവർ. പിടിയിലായ പ്രതികൾക്ക് പുറമെ കേസിൽ ഇനിയും നിരവധി പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. മലയാളത്തിലെ ചില സിനിമാ-സീരിയൽ പ്രവർത്തകർക്കും ഈ മനുഷ്യക്കടത്ത് സംഘവുമായി അടുത്ത ബന്ധമുണ്ടെന്ന ശക്തമായ സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം കൂടുതൽ പ്രമുഖരിലേക്ക് വ്യാപിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം.
What's Your Reaction?



