ആർഎസ്പിയെ വെട്ടി ജലവകുപ്പ് കേരള കോൺഗ്രസിന്! പലർക്കും ടേം വ്യവസ്ഥ; അതൃപ്തിയോടെ ഘടകകക്ഷികൾ; സതീശൻ മന്ത്രിസഭയിൽ വകുപ്പ് പോര് മുറുകുന്നു!
തിരുവനന്തപുരം∙ യുഡിഎഫ് സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ കെപിസിസി ആസ്ഥാനത്ത് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴും വകുപ്പുവിഭജനത്തെച്ചൊല്ലി ഘടകകക്ഷികൾക്കിടയിൽ കടുത്ത അനിശ്ചിതത്വം. ഞായറാഴ്ച ഗവർണർക്ക് സമർപ്പിക്കുന്ന പട്ടികയിൽ മന്ത്രിമാരുടെ പേരുകൾ മാത്രമായിരിക്കും ഉണ്ടാകുകയെന്നാണ് വിവരം. തർക്കമുള്ള വകുപ്പുകളിൽ സത്യപ്രതിജ്ഞയ്ക്ക് ശേഷവും ചർച്ചകൾ തുടർന്നേക്കും.
ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച്, ഏറെ തർക്കങ്ങൾക്കൊടുവിൽ ജലവകുപ്പ് കേരള കോൺഗ്രസ് (ജോസഫ്) വിഭാഗത്തിന് നൽകാൻ ധാരണയായിട്ടുണ്ട്. ജലവകുപ്പിനായി ആർഎസ്പിയും അവകാശവാദമുന്നയിച്ചിരുന്നെങ്കിലും ഒരു മന്ത്രിസ്ഥാനം മാത്രം നൽകി ഒതുക്കിയ സാഹചര്യത്തിൽ കേരള കോൺഗ്രസിന്റെ സമ്മർദ്ദത്തിന് കോൺഗ്രസ് വഴങ്ങുകയായിരുന്നു. ഇതനുസരിച്ച് മോൻസ് ജോസഫ് ജലവകുപ്പ് മന്ത്രിയും അപു ജോൺ ജോസഫ് ചീഫ് വിപ്പും ആയേക്കും. ആർഎസ്പിക്ക് മറ്റ് വകുപ്പുകൾ നൽകി അനുനയിപ്പിക്കാനാണ് നീക്കം. അതേസമയം അനൂപ് ജേക്കബ്, മാണി സി. കാപ്പൻ എന്നിവർക്കും മുസ്ലിം ലീഗിലെ എ.കെ.എം. അഷ്‌റഫ്, വി.ഇ. അബ്ദുൽ ഗഫൂർ എന്നിവർക്കും ടേം വ്യവസ്ഥയിൽ (കാലാവധി പകുതി വീതം പങ്കിട്ട്) മന്ത്രിസ്ഥാനം നൽകാനാണ് കോൺഗ്രസ് തീരുമാനം. ഇതിൽ നേതാക്കൾക്ക് കടുത്ത അതൃപ്തിയുണ്ട്. പ്രധാന വകുപ്പുകളിൽ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരവും വിജിലൻസും ഉറപ്പായിക്കഴിഞ്ഞു. മുഖ്യമന്ത്രി വി.ഡി. സതീശൻ ധനകാര്യവും തുറമുഖവും കൈകാര്യം ചെയ്യുമ്പോൾ പി.സി. വിഷ്ണുനാഥിന് വൈദ്യുതി വകുപ്പ് ലഭിക്കുമെന്നാണ് സൂചന.
What's Your Reaction?

