തിരുവനന്തപുരം: ഡോ. എ ജയതിലകിനെതിരെ ആരോപണമുന്നയിച്ചതിന്‍റെ പേരിൽ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥൻ എൻ പ്രശാന്തിന്റെ സസ്പെൻഷൻ നീട്ടി. 6 മാസത്തേക്കാണ് നടപടി.
കേന്ദ്ര സർക്കാരാണ് സസ്പെൻഷൻ കാലാവധി വീണ്ടും നീട്ടിയിരിക്കുന്നത്. വകുപ്പുതല അന്വേഷണം നടക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ നടപടി. ഐഎഎസ് ഉദ്യോഗസ്ഥനെ ഒരു വർഷമാണ് സംസ്ഥാനത്തിന് സസ്പെൻഡ് ചെയ്യാൻ കഴിയുക.
എന്നാൽ വകുപ്പുതല അന്വേഷണം തുടരുന്ന പശ്ചാത്തലത്തിൽ സസ്പെൻഷൻ നീട്ടണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ‍്യപെട്ടിരുന്നു. ഇതേത്തുടർന്നാണ് നടപടി. നിലവിലെ സസ്പെന്‍ഷന്‍ അടുത്തവര്‍ഷം മെയ് വരെ തുടരും. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിട്ടുണ്ട്.
2024 നവംബര്‍ 11 നാണ് പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്തത്. എ ജയതിലകിനെതിരെ സമൂഹമാധ്യമത്തില്‍ നടത്തിയ രൂക്ഷവിമര്‍ശനമാണ് സസ്പെന്‍ഷനിലേക്ക് നയിച്ചത്.