യുഡിഎഫിന് ആദ്യ പ്രഹരം: സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞ ബഹിഷ്‌കരിക്കാൻ ലത്തീൻ സഭ; വിൻസെന്റിനെ തഴഞ്ഞതിൽ വൻ പൊട്ടിത്തെറി!
തിരുവനന്തപുരം∙ യുഡിഎഫ് മന്ത്രിസഭയിൽ എം. വിൻസെന്റിന് മന്ത്രിസ്ഥാനം നൽകാത്തതിലും ഫിഷറീസ് വകുപ്പ് മുസ്‌ലിം ലീഗിന് നൽകിയതിലും കടുത്ത അതൃപ്തി പ്രകടമാക്കി ലത്തീൻ സഭ. നാളെ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കാനാണ് സഭയുടെ തീരുമാനം. തിരഞ്ഞെടുപ്പിൽ യുഡിഎഫിന് പരസ്യ പിന്തുണ നൽകിയിട്ടും ലത്തീൻ സഭയെ പൂർണ്ണമായി അവഗണിച്ചെന്നും സഭയെ കേവലം വോട്ട് ബാങ്ക് മാത്രമായാണ് മുന്നണി കണ്ടതെന്നും ലത്തീൻ അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ പെരേര തുറന്നടിച്ചു.
തീരദേശ മേഖലയിൽ നിന്നുള്ള ജനപ്രതിനിധികളെ വിജയിപ്പിക്കുന്നതിൽ സഭ നിർണ്ണായക പങ്കാണ് വഹിച്ചതെന്നും യുഡിഎഫ് തീരുമാനം അങ്ങേയറ്റം നിരാശാജനകമാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധസൂചകമായി സത്യപ്രതിജ്ഞാ ചടങ്ങിനായി അതിരൂപതയ്ക്ക് ലഭിച്ച 5 പാസുകൾ ഉപയോഗിച്ച് ചടങ്ങിൽ പങ്കെടുക്കുന്ന കാര്യം പുനരാലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വിഷയത്തിൽ സഭയുടേത് അവരുടെ നിലപാടാണെന്നും ഒരു കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയിൽ തനിക്ക് യാതൊരു പരാതിയുമില്ലെന്നും നിയുക്ത എംഎൽഎ എം. വിൻസെന്റ് പ്രതികരിച്ചു. പഞ്ചായത്ത് മെമ്പർ പോലും ആകാത്ത പതിനായിരക്കണക്കിന് പ്രവർത്തകർ പാർട്ടിയിലുള്ളപ്പോൾ കോൺഗ്രസ് തനിക്ക് മികച്ച അവസരങ്ങളാണ് നൽകിയതെന്നും വിൻസെന്റ് വ്യക്തമാക്കി.
What's Your Reaction?

