പെൺകുട്ടിയുടെ 'മൗനം' വിവാഹസമ്മതം! ബാലവിവാഹത്തിനും അനുമതി, ഭീതി വിതച്ച് പുതിയ നിയമം

May 17, 2026 - 19:08
May 17, 2026 - 19:08
 0
പെൺകുട്ടിയുടെ 'മൗനം' വിവാഹസമ്മതം! ബാലവിവാഹത്തിനും അനുമതി, ഭീതി വിതച്ച്  പുതിയ നിയമം

കാബൂൾ∙ പെൺകുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങൾക്ക് മേൽ വീണ്ടും കരിനിഴൽ വീഴ്ത്തി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിന്റെ പുതിയ ഉത്തരവ്. കന്യകയായ പെൺകുട്ടിയുടെ മൗനം വിവാഹത്തിനുള്ള പൂർണ്ണ സമ്മതമായി കണക്കാക്കാമെന്ന വിവാദ നിയമമാണ് താലിബാൻ പുതുതായി കൊണ്ടുവന്നിരിക്കുന്നത്. ‘ഭാര്യാഭർത്താക്കന്മാർക്കിടയിലെ വേർപിരിയലിന്റെ തത്വങ്ങൾ’ എന്ന് പേരിട്ടിരിക്കുന്ന 31 വകുപ്പുകളുള്ള നിയമത്തിനാണ് താലിബാൻ പരമോന്നത നേതാവ് ഹിബത്തുള്ള അഖുൻസദ അംഗീകാരം നൽകിയത്. മേയ് പകുതിയോടെ ഇത് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതായി അഫ്ഗാൻ മാധ്യമമായ ‘അമു ടിവി’ റിപ്പോർട്ട് ചെയ്തു.

വിവാഹം, വിവാഹമോചനം, ബാലവിവാഹം എന്നിവയെ സംബന്ധിച്ചുള്ളതാണ് പുതിയ നിയമം. ഇതനുസരിച്ച് ആർത്തവ പ്രായമെത്തിയ കന്യകയുടെ മൗനം വിവാഹസമ്മതമായി കണക്കാക്കാം. എന്നാൽ, ഒരു ആൺകുട്ടിയുടെയോ അല്ലെങ്കിൽ നേരത്തെ വിവാഹിതയായ സ്ത്രീയുടെയോ മൗനം ഇത്തരത്തിൽ സമ്മതമായി എടുക്കാൻ പാടില്ലെന്നും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. കൂടാതെ, നിയമത്തിലെ അഞ്ചാം അനുച്ഛേദ പ്രകാരം പെൺകുട്ടിയുടെ പിതാവിനും മുത്തശ്ശനും ബാലവിവാഹം നടത്താനുള്ള പൂർണ്ണ അനുമതിയും നൽകുന്നുണ്ട്. താലിബാൻ കോടതിയുടെ ഉത്തരവിലൂടെ മാത്രമേ കുട്ടിക്ക് ഈ വിവാഹബന്ധം പിന്നീട് റദ്ദാക്കാൻ സാധിക്കൂ.

2021-ൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷം സ്ത്രീകളുടെ വിദ്യാഭ്യാസവും തൊഴിൽ സ്വാതന്ത്ര്യവും പാടെ നിഷേധിച്ചിരുന്നു. നിലവിൽ പെൺകുട്ടികൾക്ക് ആറാം ക്ലാസ്സിന് ശേഷമുള്ള വിദ്യാഭ്യാസം അഫ്ഗാനിസ്ഥാനിൽ വിലക്കിയിരിക്കുകയാണ്. മൂന്നിൽ ഒന്ന് അഫ്ഗാൻ പെൺകുട്ടികളും 18 വയസ്സിന് മുൻപ് വിവാഹിതരാകുന്നു എന്ന കണക്കുകൾ നിലനിൽക്കെയാണ്, അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായേക്കാവുന്ന പുതിയ താലിബാൻ നിയമം പുറത്തുവന്നിരിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow